Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-04-2022

ധനസഹായവും വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു

 

മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും സഹകരണ സംഘം ശാക്തീകരണ പദ്ധതി പ്രകാരമുള്ള ധനസഹായവും വിതരണം ചെയ്തു. ഉദ്ഘാടനവും അവാർഡ് വിതരണവും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വഹിച്ചു. ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷത വഹിച്ചു. മത്സ്യബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ ധനസഹായം വിതരണം ചെയ്തു.

മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യബോർഡ് അംഗം പി എ രഘുനാഥൻ, മത്സ്യഫെഡ് ജില്ലാ മാനേജർ വി രജിത, മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളായ എൻ പി ശ്രീനാഥ്, എ ടി നിഷാത്ത്, വി യൂസഫ്, കെ പി അജിത്ത് എന്നിവർ സംസാരിച്ചു.

 

ആശ്വാസ് വാടക വീട്: ശിലാസ്ഥാപനം ശനിയാഴ്ച

 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആശ്വാസ് വാടക വീട് പദ്ധതിയുടെ കെട്ടിട ശിലാസ്ഥാപനം ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നടക്കും. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, എം പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, അഡ്വ. പി സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കാനാണ് ആശ്വാസ് വാടക വീട് പദ്ധതി നടപ്പാക്കുന്നത്.

 

കരാർ നിയമനം

 

കേരള ഫോക്ലോർ  അക്കാദമിയുടെ  നേതൃത്വത്തിൽ  അക്കാദമി  ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ തുടങ്ങുന്ന  നാടൻ കലാപരിശീലനത്തിന്റെ സമയ ബന്ധിത പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ  കരാർ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.

സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്ക്-യോഗ്യത: അംഗീകൃത സർവ്വകലാശാല  ബിരുദം/ഇംഗ്ലീഷ്  മലയാളം  ടൈപ്പിങ്ങിൽ  പ്രാവീണ്യം.

സ്വീപ്പർ: മലയാളം  എഴുതാനും  വായിക്കാനുമുളള അറിവ്.

നാടൻപാട്ട് അധ്യാപകർ: ഫോക്ലോർ  അക്കാദമി  അവാർഡ്  ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക്  മുൻഗണന,  ഗസറ്റഡ്  ഓഫീസർ  സാക്ഷ്യപ്പെടുത്തിയ  നാട്ടാശാൻ സർട്ടിഫിക്കറ്റ്  ഹാജരാക്കണം.

കളരിപ്പയറ്റ് അധ്യാപകർ: അംഗീകൃത സർകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുളള  ഡിപ്ലോമ  അല്ലെങ്കിൽ  തത്തുല്യ  യോഗ്യത.

തിരുവാതിര അധ്യാപകർ: കേരള  സ്‌കൂൾ-  ഹയർ സെക്കണ്ടറി  കലോത്സവത്തിൽ  വിധി കർത്താവായി  പങ്കെടുത്തവർ, കേന്ദ്ര-സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ദേശീയ ഫെസ്റ്റിവെലിൽ കേരളത്തെ പ്രതിനിധീകരിച്ച്  തിരുവാതിര  അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്ചറൽ  സെന്റർ  സംഘടിപ്പിച്ച തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ.

ചെണ്ട  അധ്യാപകർ: തെയ്യം  കലാരൂപം  അവതരിപ്പിച്ചു വരുന്ന വിഭാഗത്തിൽപ്പെട്ട അഞ്ച് വർഷത്തിൽ കുറയാതെ  തെയ്യത്തിന്/ തിറക്ക് ചെണ്ട അകമ്പടി നൽകി  പരിചയമുളളവർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

സെന്റർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്സ്. അധ്യാപർക്ക്  പ്രായ പരിധി  ബാധകമല്ല.

ആവശ്യമായ  രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റ്, വെളള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 30നകം സെക്രട്ടറി, കേരള  ഫോക്ലോർ  അക്കാദമി,  ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കണം. keralafolkloreacademy@gmail.com എന്ന ഇ-മെയിലിലും അപേക്ഷ സമർപ്പിക്കാം.

 

തീയതി നീട്ടി

 

ഫോക്ലോർ അക്കാദമിയുടെ 2021 ലെ അവാർഡ്/ഫെലോഷിപ്പ്/ യുവപ്രതിഭ/ ഗ്രന്ഥരചന അവാർഡുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഏപ്രിൽ 20 വരെ നീട്ടിയതായി സെക്രട്ടറി (ഐ/സി) അറിയിച്ചു.

 

സപ്ലൈകോ വിഷു-ഈസ്റ്റർ-റംസാൻ ഫെയർ തുടങ്ങി

 

സപ്ലൈകോയുടെ വിഷു-ഈസ്റ്റർ-റംസാൻ ജില്ലാതല ഫെയറിന് കണ്ണൂർ ഫോർട്ട് റോഡിലുള്ള ഗ്രാന്റ് മാർക്കറ്റിങ് സെന്ററിലെ പീപ്പിൾസ് ബസാറിൽ തുടക്കമായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.  കൗൺസിലർ അഡ്വ.ചിത്തിര ശശിധരൻ പങ്കെടുത്തു.  

ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലകയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനുമാണ്  ഫെയർ ആരംഭിച്ചത്. മെയ് രണ്ട് വരെ രാവിലെ 10 മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും.

 

ഭരണാനുമതി ലഭിച്ചു

 

കണ്ണൂർ എംഎൽഎയുടെ 2021-22 ലെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് പഴശ്ശി ജലസേചന പദ്ധതിയുടെ കിഴുത്തള്ളി ഡിസ്ട്രിബ്യൂട്ടറി നവീകരണ പ്രവൃത്തി, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടേരി ഗ്രാമപഞ്ചായത്തിലെ ചക്കാടത്ത് തലമുണ്ട വയൽ റോഡ് റാടിങ് പ്രവൃത്തി എന്നിവക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

അഴീക്കോട് എംഎൽഎയുടെ 2019-20 ലെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് ഹരിജൻ കോളനി റോഡ് മുതൽ നരിക്കുണ്ട് വയൽവരെ ഡ്രെയിനേജ് നിർമാണ പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

വാക്ക് ഇൻ ഇന്റർവ്യൂ

 

വനിത ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജറെ നിയമിക്കുന്നു.  നിർദിഷ്ട യോഗ്യതയുള്ള സത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 27ന് രാവിലെ 11.30ന് കാസർകോട് കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

എം എസ് ഡബ്ല്യൂ/ എം എ (സോഷ്യോളജി)/എം എ (സൈക്കോളജി)/ എം എസ്  സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം: 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി സി 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി ഒ, തിരുവനന്തപുരം  എന്ന വിലാസത്തിൽ ലഭിക്കും.  ഫോൺ: 0471 2348666.  ഇ മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്:  www.keralasamakhya.org

 

രേഖകൾ ഹാജരാക്കണം

 

മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റുന്ന ആചാര സ്ഥാനികൾ/കോലധാരികൾ എന്നിവർക്ക് തുടർന്നും വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് നീലേശ്വരത്തുള്ള  കാസർകോട് ഡിവിഷൻ ഓഫീസിൽ ഏപ്രിൽ 25നകം ഹാജരാക്കണം.

 

കൂത്തുപറമ്പ് പട്ടയമേള: സ്വാഗതസംഘം രൂപീകരിച്ചു

 

സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള കൂത്തുപറമ്പ് പട്ടയമേളയുടെ നടത്തിപ്പിനും വിജയത്തിനുമായി സ്വാഗതസംഘം രൂപീകരിച്ചു.  ഏപ്രിൽ 23ന് രാവിലെ 9.30ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിലാണ് പട്ടയമേള.

കെ പി മോഹനൻ എംഎൽഎ രക്ഷാധികാരിയായും കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ  സുജാത ടീച്ചർ  അധ്യക്ഷയായും കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണൽ തഹസിൽദാർ ജോസ്‌കുമാർ കൺവീനറായുമുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.

 

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് ഗസ്റ്റ് ആപ്പ്

 

അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷന് കേരള ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു.

അതിഥി തൊഴിലാളികൾക്കുള്ള ഐ ഡി കാർഡ് വിതരണവും മന്ത്രി നിർവ്വഹിച്ചു. ബോർഡിലെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിലെത്തി അപേക്ഷ സ്വീകരിക്കാവുന്ന സൗകര്യം ആപ്പിലുണ്ട്. മുഴുവൻ അതിഥി തൊഴിലാളികളെയും പദ്ധതിയിൽ അംഗമാക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ വർദ്ധിപ്പിക്കാൻ ട്രേഡ് യൂണിയൻ ഭാരവാഹികളും സന്നദ്ധ സംഘടകളും ശ്രമിക്കണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ വി ശശികുമാർ അറിയിച്ചു.

date