Skip to main content

'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 18 മുതല്‍ 24 വരെ

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 18 മുതല്‍ 24 വരെ തേക്കിന്‍കാട് മൈതാനം-വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടന്നു. ഏപ്രില്‍ 18ന് വൈകിട്ട് നാലു മണിക്ക് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമാകുക. വൈകിട്ട് അഞ്ചിന് വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിക്കും. പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിക്കും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് മേള അരങ്ങേറും. 

നൂറോളം കൊമേഷ്‌സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ 160 ലേറെ സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തുക. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ടാകും. അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ ഒരുക്കും. 

മെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടമായി കുതിരാന്‍ തുരങ്കത്തിന്റെ മാതൃകയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലായിരിക്കും ഇത് സജ്ജീകരിക്കുക. സ്റ്റാളുകളുടെയും കവാടത്തിന്റെയും പ്രവൃത്തികള്‍ തേക്കിന്‍കാട് മൈതാനിയില്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാന്‍ എന്ന പവലിയനിലേക്കാണ് സന്ദര്‍ശകര്‍ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങള്‍ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ ഈ പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. പുത്തൂരില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃക ആദ്യമായി ജനങ്ങള്‍ക്ക് കാണാനും ഇവിടെ അവസരമൊരുക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവയെ പുതുതലമുറ- ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയന്‍. നമ്മുടെ ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍, ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകള്‍ എന്നിവയെ കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചാനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. 

റോബോട്ടിക്‌സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതാണ് ടെക്‌നോളജി പവലിയന്‍. ഇവയെ കുറിച്ച് നേരിട്ടറിയാനും അനുഭവിക്കാനും പവലിയനില്‍ അവസരമൊരുക്കും. തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക വികസന വകുപ്പിന് കീഴില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമെ, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഫാമുകള്‍, നഴ്‌സറികള്‍, കാര്‍ഷിക സര്‍വകലാശാല തുടങ്ങിയവയുടെ ചെടികള്‍, ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കും.

ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള രണ്ട് സെഷനുകളിലായി കാലിക പ്രസക്തമായ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് മേഖലയിലെ പ്രമുഖര്‍ നേതൃത്വം നല്‍കും. സംരഭകത്വം നാടിന്റെ വളര്‍ച്ചയ്ക്ക്, 14 ആം പഞ്ചവത്സര പദ്ധതിയും തദ്ദേശഭരണ സ്ഥാപനങ്ങളും, സുസ്ഥാരമായ നാളേക്കായി ലിംഗസമത്വം ഇന്നുതന്നെ, ഊര്‍ജ്ജശ്രോതസ് അനന്തസാധ്യതകള്‍, ടൂറിസം - ജില്ലയിലെ വികസന സാധ്യതകള്‍, പുതുതലമുറ സാങ്കേതിക വിദ്യ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ വിവിധ വകുപ്പുകള്‍ സെമിനാറുകള്‍ നടത്തും. കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സൈബര്‍ ക്രൈം, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാര്‍ഷിക വകുപ്പ് എന്നിവരും വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. 

മേള നടക്കുന്ന ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികള്‍ നടക്കും. അഞ്ച് മുതല്‍ ആറു മണി വരെയും ഏഴു മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികള്‍ നടക്കുക. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. ഏപ്രില്‍ 19 വൈകീട്ട് 4.30 മുതല്‍ 6.00 വരെ കഥാപ്രസംഗം 7.00 മണിക്ക് ഗായകന്‍ ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. ഏപ്രില്‍ 20ന് വൈകീട്ട് 5.00 മുതല്‍ 6.00 വരെ വജ്ര ജൂബിലി കലാകാരന്‍മാരുടെ വാദ്യകലാ ഫ്യൂഷന്‍ 7.00 മണി മുതല്‍ വജ്ര ജൂബിലി കലാകാരന്‍മാരുടെ മോഹിനിയാട്ടം. ഏപ്രില്‍ 21ന് വൈകീട്ട് 5.00 മുതല്‍ 6.00 വരെ ചവിട്ടുനാടകം 7.00 മുതല്‍ അക്രോബാറ്റിക് ഡാന്‍സ്. ഏപ്രില്‍ 22 ന് വൈകീട്ട് 5.00 മുതല്‍ 6.00 വരെ ഏകപാത്ര നാടകം തുടര്‍ന്ന് 7 മണി മുതല്‍ ഗാനമേള. ഏപ്രില്‍ 23 ന് 4.30 മുതല്‍ 5.00 വരെ വജ്ര ജൂബിലി കലാകാരന്‍മാരുടെ തുള്ളല്‍ ത്രയം
7.00 മുതല്‍ സമിര്‍ സിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും. മേളയുടെ അവസാന ദിവസമായ ഏപ്രില്‍ 24 ന് സൗപര്‍ണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം.  

മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്‌കോര്‍ട്ടും ഒരുങ്ങുന്നുണ്. മില്‍മ, ജയില്‍, കെടിഡിസി എന്നിവയും ഫുഡ്‌കോര്‍ട്ടില്‍ പങ്കാളികളാവും. തേക്കിന്‍കാട് മൈതാനത്തിന്റെ സവിശേഷത ഉള്‍ക്കൊണ്ട് വൈവിധ്യമാര്‍ന്ന വെജിറ്റേറിയന്‍ വിഭവങ്ങളാവും ഇവിടെ ഒരുക്കുക. എല്ലാ ദിവസവും വിവിധ ഇനങ്ങളില്‍ പാചക മല്‍സരങ്ങളും അരങ്ങേറും. ബ്ലോക്ക് തലത്തില്‍ നടക്കുന്ന പാചക മല്‍സര വിജയികളാണ് ഇവിടെ മാറ്റുരയ്ക്കുക. 

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം വിവിധ പരിപാടികള്‍ ജില്ലയില്‍ നടന്നുവരികയാണ്. മേളയുടെ വിജയിത്തിനായി ജില്ലയിലെ മൂന്ന് മന്ത്രിമാര്‍ മുഖ്യ രക്ഷാധികാരികളും മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ചെയര്‍പേഴ്‌സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി സംഘാടക സമിതിക്ക് രൂപം നല്‍കിയിരുന്നു. മേളയുടെ നടത്തിപ്പിനായി എംഎല്‍എമാര്‍ ചെയര്‍മാന്‍മാരായി 10 സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടിക വര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കൃപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date