Skip to main content

കരുത്ത് കാട്ടി കൈയ്യടി നേടി ശ്വാനസംഘം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലയിലെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ഹരം കൊള്ളിച്ചു. നിറഞ്ഞ കൈയ്യടിയോടെയാണ് കാണികൾ ശ്വാനസംഘത്തെ വരവേറ്റത്. 

പോലീസിനെ കുഴപ്പിച്ച പല കേസുകളിലും തുമ്പ് കണ്ടെത്തിയ മിടുക്കൻമാരായ 6 നായകളാണ് ഷോയിൽ പങ്കെടുത്തത്. ലാബ്രഡോർ ഇനത്തിൽ പെട്ട 5 നായ്ക്കളും, ബെൽജിയം മാലിനോയിസ് ഇനത്തിൽ പെട്ട ഒരു നായയും  ഷോയിൽ പങ്കെടുത്തു. ഹാൽറ്റർമാരുടെ കമാണ്ടുകൾ  കൃത്യമായി അനുസരിച്ച് ശ്വാനസംഘം കാണികളുടെ മനംകവർന്നു.

ചേതക്, ബെയിലി, ജിൽ, ഡോൺ, റൈന, റോക്കി എന്നീ നായകളാണ് ഷോയിൽ പങ്കെടുത്തത്. മനുഷ്യ ഗന്ധം തിരിച്ചറിയാനും, കഞ്ചാവ് മുതലായ നാർകോട്ടിക് വസ്തുക്കൾ കണ്ടെത്താനും, ബോംബ് തിരിച്ചറിയാനും തുടങ്ങിയ പ്രിത്യേക പരിശീലനം നേടിയ നായകളാണ് ഇവ.

കത്തുന്ന വളയത്തിലൂടെ ചാടിയും, രണ്ട് കാലിൽ നടന്നും, ക്രോസ്സ് വോക് ചെയ്യ്തും, ബാഗിൽ ഒളുപ്പിച്ച നാർകോട്ടിക് വസ്തു തിരിച്ചറിഞ്ഞുമെല്ലാം ശ്വാനസംഘം കാണികളുടെ കൈയ്യടി നേടി.

നാർകോട്ടിക്ക് വസ്തുക്കളുടെ  ഗന്ധം തിരിച്ചറിയാൻ കഴിവുള്ള നായയാണ് ഡോൺ. എ എസ് ഐ പ്രേംജി, എസ് സി പി ഒ പ്രമോദ് തമ്പി എന്നിവരാണ് ഡോണിന്റെ പരിശീലകർ. മനുഷ്യരുടെ ഗന്ധം തിരിച്ചറിയാനും ആളെ കണ്ടെത്താനും കഴിവുള്ള നായയാണ് ജിൽ. എ എസ് ഐ മാരായ അനിൽ കുമാറും ബിജു കുമാറുമാണ് ജില്ലിന്റെ പരിശീലകർ. 

രണ്ടുകാലിൽ ഇരുന്നും നടന്നുമെല്ലാം കാണികളെ ത്രസിപ്പിച്ച നായയാണ് ബെയിലി. എ എസ് ഐ ആന്റണി, എച്ച് സി സജികുമാർ എന്നിവരാണ് ബൈലിയുടെ പരിശീലകർ.   എ എസ് ഐ സജികുമാർ, എസ് സി പി ഒ ശിവപ്രസാദ് എന്നിവരാണ് സംഘത്തിലെ റൈന യുടെ പരിശീലകർ. സി പി ഒ മാരായ രാഹുലും, ബിറ്റു മോഹനാണ് റോക്കിയുടെ പരിശീലകർ. കൂട്ടത്തിലെ ഏറ്റവും വ്യത്യസ്തനും ബെൽജിയം മാലിനോയിസ് ഇനത്തിൽ പെട്ടതുമായ ചേതക്കിന്റെ പരിശീലകർ എസ് സി പി ഒ മാരായ ബിനോയിയും ജോസഫുമാണ്. 

date