Skip to main content

ജില്ലാതല റോഡുകളുടെ പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും ഇന്ന്  

 

പുതുക്കാട് മണ്ഡലത്തിൽ വിവിധ റോഡുകളുടെ  പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി 
പി എ മുഹമ്മദ് റിയാസ് ഇന്ന് (മെയ് 5) നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് പ്രധാന ജില്ലാതല റോഡുകളായ നെടുമ്പാൾ-പാഴായി റോഡിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും കുറുമാലി -തൊട്ടിപ്പാൾ-മുളങ്ങ് റോഡ് നിർമ്മാണോദ്ഘാടനവുമാണ് മന്ത്രി നിർവഹിക്കുന്നത്. 

3 കോടി രൂപ ചെലവിട്ട് നെടുമ്പാൾ -പാഴായി റോഡും 10 കോടി രൂപ ചെലവഴിച്ച് കുറുമാലി -തൊട്ടിപ്പാൾ-മുളങ്ങ് റോഡുമാണ് ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് പുനരുദ്ധാരണം നടത്തുന്നത്. 

നെടുമ്പാൾ പാഴായി റോഡിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി 5.50 മീറ്റർ വീതിയിൽ റോഡിന്റെ മുകൾഭാഗം ബി എം ആന്റ് ബി സി നിലവാരത്തിലേയ്ക്ക് ഉയർത്തുകയും റോഡിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്തു. വെള്ളം കയറാത്ത രീതിയിൽ റോഡ് ഉയർത്തി. ഈ ഭാഗത്ത് കോൺ ഷോൾഡർ നിർമ്മാണവും പൂർത്തികരിച്ചു. ഇതിന് പുറമെ റോഡ് മാർക്കിംഗ് സൂചനാ ബോർഡുകൾ സ്ഥാപിക്കൽ, റോഡ് സ്റ്റഡ് സ്ഥാപിക്കൽ തുടങ്ങി സുരക്ഷാ സംബന്ധമായ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. കുറുമാലി-തൊട്ടിപ്പാൾ-മുളങ്ങ് റോഡ്  5.5 മീറ്റർ വീതിയിലാണ് ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ റോഡുകളും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ്  നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 

കുറുമാലി സെന്ററിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാവും. 
വിവിധ ബ്ലോക്ക് -പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date