Skip to main content

പാലപ്പിള്ളി - എച്ചിപ്പാറ റോഡ് നിർമ്മാണോദ്ഘാടനം ഇന്ന്  (മെയ് 5) 

 

പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി-എച്ചിപ്പാറ റോഡിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (മെയ് 5 )  നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാപാതകളിൽ ഒന്നായ പാലപ്പിള്ളി - എച്ചിപ്പാറ  വരെയുള്ള 8.500 കി.മീ റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർവഹിക്കുന്നത്. 

2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് 8 കോടി രൂപ ചെലവഴിച്ചാണ് റോഡ് ബി എം ആന്റ് ബി സി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നത്. 55 മീറ്റർ വീതിയിൽ ബിറ്റുമിൻ മെക്കാഡം, ബിറ്റുമിൻ കോൺക്രീറ്റ് എന്നിവ ഉപയോഗിച്ച് റോഡിന്റെ മുകൾഭാഗം പുതുക്കും. മഴവെള്ളം ഒഴുക്കി കളയുന്നതിന് കോൺക്രീറ്റ് കാന, കലുങ്ക് തുടങ്ങിയ നിർമ്മാണ പ്രവർത്തികളും റോഡിന്റെ സംരക്ഷണത്തിന് പാർശ്വഭിത്തി നിർമ്മാണവും ഇതിന് പുറമെ ദിശാബോർഡുകൾ, റിഫ്ലക്ടറുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ്  പ്രവർത്തികൾ. 15 മാസമാണ് പ്രവർത്തിയുടെ നിർമ്മാണ കാലാവധി. 

പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ റോഡുകളും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡ് പുനരുദ്ധാരണം നടത്തുന്നത്.
പാലപ്പിള്ളി സെന്ററിൽ രാവിലെ 11 മണിക്ക് നടക്കുന്ന  ചടങ്ങിൽ കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാവും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date