Skip to main content

കണ്ടംചിറയെ കതിരണയിക്കാന്‍ 19 ന് സന്നദ്ധ പ്രവര്‍ത്തനം

മലബാറിലെ നെല്ലറകളിലൊന്നായ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവോട്-കണ്ടംചിറ കൃഷിയോഗ്യമാക്കാനുളള സന്നദ്ധ പ്രവര്‍ത്തനം നവംബര്‍ 19 ന് നടക്കും. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയ്യൂര്‍ പ്രദേശത്തെ ഒന്ന്, പതിനഞ്ച്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലായി ചിതറിക്കിടക്കുന്ന ഫലഭൂയിഷ്ടമായ മണ്ണ് മൂന്ന് പതിറ്റാണ്ടായി കൃഷി ചെയ്യാതെ കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയില്‍ സമ്പൂര്‍ണ്ണമായി കൃഷിയിറക്കാനുളള പദ്ധതിക്കാണ് കൃഷിവകുപ്പും മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി രൂപം നല്‍കിയിരിക്കുന്നത്.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും യുവജന സംഘടനാ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും മോട്ടോര്‍, ചുമട്ട്‌തൊഴിലാളികളും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അണിചേരും. ഏഴ് പ്രാദേശിക സംഘാടകസമിതികള്‍ നിലമൊരുക്കല്‍ മുതല്‍ വിളവെടുക്കുന്നതുവരെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ചിറയിലിറങ്ങുവര്‍ക്ക് ഭക്ഷണവും ഫസ്റ്റ് എയ്ഡ് ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനത്തിനെത്തുന്നവരെ മേപ്പയ്യൂറിലെ മോട്ടോര്‍ തൊഴിലാളികള്‍ അവരുടെ വാഹനങ്ങളില്‍ സൗജന്യമായി ചിറയിലെത്തിക്കും. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇതിനുളള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ റീന (ചെയര്‍പേഴ്‌സണ്‍) കൃഷിഓഫീസര്‍ സ്മിതനന്ദിനി (കണ്‍വീനര്‍) ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.പി. രാധാകൃഷ്ണന്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 

date