Skip to main content

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'  4393 സംരംഭങ്ങളുമായി വ്യവസായ മേഖലയിൽ മുന്നേറ്റത്തിനൊരുങ്ങി കണയന്നൂർ താലൂക്ക്

 

സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ  പദ്ധതിയുടെ ഭാഗമായി വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കണയന്നൂർ താലൂക്ക്.  താലൂക്ക് പരിധിയിലെ 11 തദ്ദേശ സ്ഥാപനങ്ങളിലായി ഈ സാമ്പത്തിക വർഷം 4393 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായാണ് 4000ത്തിലധികം പുതിയ സംരംഭങ്ങൾ താലൂക്ക് പരിധിയിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. സംരംഭക വർഷമായി ആചരിക്കുന്ന 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലാകെ 14610 സംരംഭങ്ങൾ ആരംഭിക്കണമെന്നാണ്  വ്യവസായവകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം. ഇതിന്റെ 30.06 ശതമാനമാണ് കണയന്നൂർ താലൂക്ക് പരിധിയിൽ ആരംഭിക്കുക. ഇതിൽ തന്നെ പകുതിയിൽ അധികവും ഒരുങ്ങുന്നത് കൊച്ചി കോർപ്പറേഷൻ പരിധിയിലാണ്. 2715 സംരംഭങ്ങളാണ് ഇവിടെ തുടങ്ങുന്നത്. ജില്ലയിലെ മിക്ക താലൂക്കുകൾ ലക്ഷ്യമിടുന്നതിനേക്കാൾ കൂടുതലാണ് കോർപ്പറേഷനിൽ മാത്രം ആരംഭിക്കുക.

സംസ്ഥാനത്ത് തന്നെ ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചി കോർപ്പറേഷനും ചുറ്റുമുള്ള നഗരസഭകളായ തൃപ്പൂണിത്തുറയും മരടും തൃക്കാക്കരയുമാണ് കണയന്നൂർ താലൂക്കിന്റെ പ്രധാന ഭാഗങ്ങൾ. ഇവക്ക് പുറമേ മുളന്തുരുത്തി ബ്ലോക്കിന് കീഴിൽ വരുന്ന അഞ്ച് പഞ്ചായത്തുകളും ഇടപ്പള്ളി, പള്ളുരുത്തി ബ്ലോക്കിന് കീഴിലുള്ള ഓരോ പഞ്ചായത്തുകളും താലൂക്കിൽ വരുന്നുണ്ട്.

സമീപ നഗരസഭകളായ തൃപ്പൂണിത്തുറ, തൃക്കാക്കര, മരട് മുനിസിപ്പാലിറ്റികളിൽ യഥാക്രമം 313, 298, 202 സംരംഭങ്ങൾ ആരംഭിക്കും. ഉദയംപേരൂർ (178), ചേരാനല്ലൂർ (138), കുമ്പളം (132), മുളന്തുരുത്തി (117), ആമ്പല്ലൂർ (116), ചോറ്റാനിക്കര (102), എടക്കാട്ടുവയൽ (82) എന്നിങ്ങനെയാണ് താലൂക്ക് പരിധിയിൽ വരുന്ന മറ്റു ഗ്രാമ പഞ്ചായത്തുകളിൽ  സർക്കാർ ലക്ഷ്യമിടുന്നത്. ജില്ല വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്കിൻ്റെയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സെസ് തുടങ്ങി ആയിരക്കണക്കിന്  ജീവനക്കാർ  ജോലി ചെയ്യുന്ന നിരവധി സ്ഥാപനങ്ങളാണ് താലൂക്ക് പരിധിയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ മികച്ച രീതിയിൽ മാതൃകാപരമായി പ്രവർത്തിക്കുന്നതിനാൽ ആഗോള തലത്തിൽ തന്നെ പുത്തൻ സംരംഭങ്ങൾക്കും വിദേശ നിക്ഷേപങ്ങൾക്കും എന്നും പ്രിയപ്പെട്ട പ്രദേശങ്ങളാണ് കണയന്നൂർ താലൂക്കിലുള്ളത്. യാത്രാ സൗകര്യവും അവശ്യസാധനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു സംരംഭങ്ങളും പ്രവർത്തിക്കുന്നത്.

ഇത് മനസ്സിലാക്കിയാണ് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കാനിരിക്കുന്ന മൊത്തം സംരംഭങ്ങളുടെയും  30  ശതമാനത്തിലധികവും ഇവിടെയാകട്ടെയെന്ന നിലപാടിലേക്ക് അധികൃതർ എത്തിയത്.

date