Skip to main content
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ വിവിധയിടങ്ങളിലായി ആരംഭിച്ച കൃഷി

ഞങ്ങളും കൃഷിയിലേക്ക്; വ്യാപകമായി കൃഷി ആരംഭിച്ച് വൈപ്പിൻ ബ്ലോക്ക്  

 

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ മുന്നേറുന്നു. ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളും കൃഷിഭവനുകളുടെ സഹായത്തോടെ സജീവമായി കാർഷിക രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും അടങ്ങുന്ന ഗ്രൂപ്പ് അഞ്ച് ഏക്കർ പൊക്കാളി കൃഷി ഏറ്റെടുത്ത് നടത്തുന്നുണ്ട്. പള്ളിപ്പുറം പഞ്ചായത്തിൽ 27 കൃഷി കൂട്ടങ്ങൾ ചേർന്ന് കരനെല്ല്, പൊക്കാളി, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നു. കൃഷിഭവൻ, പഞ്ചായത്ത്,  മുനമ്പം ആയുർവേദ ആശുപത്രി, സ്കൂളുകൾ എന്നിവരും സജീവമായി  കൃഷിയിലേർപ്പെട്ടിട്ടുണ്ട്.

ഞാറക്കൽ പഞ്ചായത്തിൽ 31 കൃഷി കൂട്ടങ്ങളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. 16 സ്ഥാപനങ്ങളും കൃഷി ആരംഭിച്ചു. ഒരു ഹെക്ടർ കരനെല്ല് കൃഷി, 35 സെൻ്റ് പൂകൃഷി, 204 സെൻ്റ് പച്ചക്കറികൃഷി എന്നിങ്ങനെയാണ് ചെയ്യുന്നത്. കൂടാതെ പുതിയ കർഷകരെ കൃഷിയിലേക്ക് നയിക്കാൻ ഞാറക്കൽ കൃഷി ഭവൻ്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും 'കൃഷി കളരി' എന്ന പേരിൽ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.

 നായരമ്പലം ഗ്രാമപഞ്ചായത്തിൽ 10 കൃഷി കൂട്ടങ്ങളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. ഒൻപത് ഹെക്ടറിൽ പൊക്കാളി, ഒന്നര ഏക്കറിൽ പച്ചക്കറി, ഒരു ഏക്കറിൽ വാഴ എന്നിവയാണ് കൃഷി. കൃഷി ഉദ്യോഗസ്ഥർ 50 ചട്ടി മുല്ലകൃഷിയും ചെയ്യുന്നുണ്ട്. ഒരു ഏക്കറിൽ ഉടനെ തന്നെ കരനെൽ കൃഷി ആരംഭിക്കും.

എടവനക്കാട് പഞ്ചായത്തിൽ 10 കൃഷി കൂട്ടങ്ങൾ കൃഷി ആരംഭിച്ചു. 25 ഹെക്ടറിൽ നെൽകൃഷി, എട്ട് ഹെക്ടറിൽ പൊക്കാളി എന്നിവ കൃഷി ചെയ്യുന്നു. ഡിമെൻഷ്യ സെൻ്റർ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചിട്ടുണ്ട്.

കുഴുപ്പിള്ളി പഞ്ചായത്തിൽ 10 കൃഷി കൂട്ടങ്ങൾ നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നു. 30 ഹെക്ടറിലാണ് നെൽകൃഷി. 10 പേർ പൂകൃഷിയും ആരംഭിച്ചിട്ടുണ്ട്. കൃഷി ഉദ്യോഗസ്ഥർക്ക് പുറമെ സ്കൂളുകളും അമ്പലങ്ങളും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

date