Skip to main content

ആലങ്ങാട് ബ്ലോക്കിൽ ദുരന്തനിവാരണ സേന സജ്ജം

 

* ഓപ്പറേഷൻ വാഹിനി ഫലം ചെയ്തു

ശക്തമായ മഴയെ തുടർന്ന് 2018 ലെ പ്രളയബാധിത പ്രദേശമായ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ നാലു പഞ്ചായത്തുകളിലും ദുരന്ത നിവാരണ സേനയെ സജ്ജമാക്കിയതായി പ്രസിഡന്റ് രമ്യ തോമസ് അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ ക്യാമ്പ് തുടങ്ങുന്നതിനും  വെള്ളം ഉയരുന്നതിന് മുൻപ് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ പഞ്ചായത്തുതലത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. നാലു പഞ്ചായത്തുകളിലും ദുരന്തനിവാരണവുമായി ബസപ്പെട്ട് യോഗങ്ങൾ ചേരുകയും ചെയ്തു.

ഓപ്പറേഷൻ വാഹിനി പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ ഏറെ ഫലമുണ്ടായെന്ന് പ്രസിഡന്റ് പറഞ്ഞു. ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന പ്രദേശങ്ങളെ  കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ കാര്യമായി ബാധിച്ചിട്ടില്ല. കരുമാല്ലൂരും കടുങ്ങല്ലൂരും ഓരോ ക്യാമ്പുകൾ വീതം ആരംഭിച്ചിട്ടുണ്ട് . കരുമാല്ലൂർ നന്തിക്കരയിലെ നരണിത്തോടിലും വാഹിനി പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. കുളവാഴ, ചെളി എന്നിവ നീക്കി ആഴം കൂട്ടി വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ് . കരുമാല്ലൂർ - ആലങ്ങാട് പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ പുഴയോര ഭാഗങ്ങളിലായി ചില വീടുകളിൽ ചെറിയ തോതിൽ പച്ചക്കറികൾ നശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശത്തെ വീട്ടിൽ രാത്രിയിൽ വെള്ളം കയറിയത് ശ്രദ്ധയിൽപെടാത്തതിനാൽ കോഴികളും കുഞ്ഞുങ്ങളും ചത്തിട്ടുണ്ട്. ഇവയൊഴികെ ബ്ലോക്കിലെ സ്ഥിതി തൃപ്തികരമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് വന്നതും ആശ്വാസമേകുന്നുണ്ടെന്ന് പ്രസിഡൻ്റ് പറഞ്ഞു.

date