Skip to main content

ഓണരാവുകൾക്ക് നിറമേകാൻ നൃത്തവും ഗസലും നാടൻപാട്ടും

 

രണ്ടു വർഷത്തെ ഇടവേളക്കുശേഷം ഡിടിപിസി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് മിഴിവേകാൻ നൃത്തവും നാടൻപാട്ടും ഗസലും കോമഡിഷോയും. സെപ്തംബർ 7 മുതൽ 11 വരെ തേക്കിൻകാട് മൈതാനത്ത് വൈവിധ്യമാർന്ന കലാപരിപാടികളാവും അരങ്ങേറുക.

നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം, തൈവമക്കൾ അവതരിപ്പിക്കുന്ന നാടൻപാട്ട്, റാസ  ബീഗം അവതരിപ്പിക്കുന്ന ഗസൽ, കൊച്ചിൻ ഹീറോസിൻ്റെ ഡാൻസ്ഷോ തുടങ്ങിയ പരിപാടികൾ  ഓണാഘോഷ സന്ധ്യകൾക്ക് മാറ്റേകും. ഓണാഘോഷം നടക്കുന്ന അഞ്ച് ദിവസങ്ങളിലും ഒന്നിലേറെ  കലാപരിപാടികളാണ് ഡിടിപിസി ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ തേക്കിന്‍കാടും പരിസരപ്രദേശങ്ങളും ദീപങ്ങളാൽ അലങ്കരിക്കും.

ഓണാഘോഷം സംബന്ധിച്ച അവലോകനയോഗം ഇന്ന് (27.08.2022) വൈകിട്ട് 5 മണിക്ക് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേരും. ജില്ലയിലെ മന്ത്രിമാർ, എംഎൽഎമാർ , തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സംഘാടക സമിതി അംഗങ്ങൾ, വിവിധ വകുപ്പ് തലവന്മാർ, സർവകലാശാല - അക്കാദമി മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.  

ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രാദേശിക  സംഘാടകസമിതികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഓരോ കേന്ദ്രങ്ങളിലും കലാ -വിനോദ പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം രണ്ട് വർഷമായി മിക്കവാറും സമയങ്ങളിൽ അടഞ്ഞു കിടക്കുകയായിരുന്ന ടൂറിസം കേന്ദ്രങ്ങൾ ഓണാഘോഷത്തെ വരവേൽക്കുന്നതിനായി വിവിധ നവീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

date