Skip to main content

40,000 കടന്ന് ജില്ലയിലെ ആധാര്‍ -വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ക്യാംപയിന്‍

ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ നടത്തുന്ന  ക്യാംപയിനില്‍ ജില്ലയില്‍ ഇതുവരെ പങ്കാളികളായത് 40,420 പേര്‍. വര്‍ക്കല മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചത്. കൂടുതല്‍ പേരെ ക്യാംപയിന്റെ ഭാഗമാക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാംപയിന്റെ ഭാഗമായി ജില്ലയില്‍ സെക്രട്ടറിയേറ്റ്, നിയമസഭ, താലൂക്ക് ഓഫീസുകള്‍, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളില്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. താലൂക്ക് വികസന സമിതികള്‍, ജനകീയ സമതികള്‍, കുടുംബശ്രീ തൊഴിലുറപ്പ്  കൂട്ടായ്മകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാംപയിന്‍ സംഘടിപ്പിക്കും. തിരുവനന്തപുരം ലുലു മാളില്‍ ഇന്ന് മുതല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍ പട്ടികയില്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മാറ്റങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പോളിംഗ് ബൂത്തുകളുടെ പുന:ക്രമീകരണവും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കാനും യോഗം തീരുമാനിച്ചു. തിരിച്ചറിയല്‍ കാര്‍ഡിലെ അപാകതകളും പരിഹരിക്കും. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ട് വരെ വോട്ടര്‍ പട്ടികയുടെ സൂക്ഷ്മ പരിശോധന നടത്തും. ഇതിന്മേലുള്ള പരാതികളും നിര്‍ദ്ദേശങ്ങള്‍ ഡിസംബര്‍ 26ന് മുന്‍പ് തീര്‍പ്പാക്കും.2023 ജനുവരി അഞ്ചിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

date