Skip to main content
ജില്ലാ സാക്ഷരതാ മിഷൻ്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉദ്ഘാടനം പ്രവർത്തന രൂപരേഖ കൈമാറി കൊണ്ട് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിക്കുന്നു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി

 

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനു ജില്ലയിൽ തുടക്കമായി.

93 ശതമാനം സാക്ഷരത കൈവരിച്ച ജില്ലയാണ് തൃശ്ശൂരെന്നും ബാക്കി ഏഴ് ശതമാനം വരുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയാണ് ന്യൂ ഇന്ത്യൻ ലിറ്ററസി പ്രോഗ്രാം ലക്ഷ്യമിടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
.
ജില്ലയിലെ 86 പഞ്ചായത്തുകളിലും പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രവർത്തന രൂപരേഖ  തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്ക് പി കെ ഡേവിസ് മാസ്റ്റർ കൈമാറി.

പട്ടികവർഗ വിഭാഗങ്ങൾ, ട്രാൻസ്ജെൻഡർ, ക്വിയർ വിഭാഗങ്ങൾ, തീരദേശ മേഖലയിൽ ഉള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ പലവിധ കാരണങ്ങളാൽ വിദ്യാഭ്യാസം നേടാൻ സാധിക്കാത്തവർക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരമൊരുക്കി കൊടുക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ബി വല്ലഭൻ, ജില്ലാ 
സാക്ഷരതാ മിഷൻ കോർഡിനേറ്റർ  സജി തോമസ്, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ആർ അജിത് കുമാർ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date