Skip to main content
തൃശ്ശൂർ ജില്ലയിലെ ജൽ ശിക്ഷാ അഭിയാൻ ക്യാച്ച് ദി റെയ്‌ൻ ക്യാബയിൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തിച്ചേർന്ന കേന്ദ്ര സംഘം ജൽശക്തി കേന്ദ്രം സന്ദർശിച്ചപ്പോൾ

ജൽ ശിക്ഷാ അഭിയാൻ: കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം നടത്തി 

 

തൃശ്ശൂർ ജില്ലയിലെ ജൽ ശിക്ഷാ അഭിയാന്റെ ക്യാച്ച് ദി റെയ്‌ൻ (Catch the rain) കാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം 30, 31 തീയതികളിൽ സന്ദർശനം നടത്തി. കേന്ദ്ര കൺസ്യൂമർ അഫയേഴ്‌സ് ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യുഷൻ മന്ത്രാലയം ഡയറക്ടർ വിവേക് ശുക്ല, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ സയന്റിസ്റ്റ് കേശവ് ബോബഡേ എന്നിവരാണ് കേന്ദ്ര സംഘത്തിൽ ഉണ്ടായിരുന്നത്. 

കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജൽ ശക്തി അഭിയാൻ പദ്ധതി പ്രവർത്തനങ്ങൾ സംഘത്തെ ധരിപ്പിച്ചു. ചേലക്കര ഗ്രാമപഞ്ചായത്തിലെ അമൃതസരോവർ പദ്ധതിയുടെ ഭാഗമായി ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന അയ്യപ്പൻ കുളം, എരുപുറം കുളം എന്നിവ സംഘം സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി തൊഴിലുറപ്പുപ്രവർത്തകരുമായി സംഘം ആശയവിനിമയം നടത്തി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എം കെ പത്മജ, വൈസ് പ്രസിഡന്റ് ഷലീൽ, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ എം കെ ഉഷ, പഴയന്നൂർ ബ്ലോക്ക് ഡെവലപ്പ്മെൻറ് ഓഫീസർ ഗണേഷ്, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ എ എസ് സുധീർ എന്നിവർ സംഘത്തെ അനുഗമിച്ചു. 

തെക്കുംകര ഗ്രാമപഞ്ചായത്തിലെ വട്ടായി കുടിവെള്ള പദ്ധതിയും പൂമല പി എച്ച് സിയിലെ തുറന്ന കിണർ റീചാർജ്ജിംഗും അവണൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടൻതോട് പുനരുദ്ധാരണ പ്രദേശവും കേന്ദ്ര സംഘം സന്ദർശിച്ചു. ജില്ലയിലെ നൂതന ജലസംരക്ഷണപ്രവർത്തനങ്ങളെ കേന്ദ്ര സംഘം ശ്ലാഘിച്ചു. ജില്ലയിലെ അമിത ചൂഷണ ബ്ലോക്കുകളെ സേഫ് ബ്ലോക്ക് ആക്കി മാറ്റുന്നതിൽ ജില്ലയിൽ നടപ്പിലാക്കിയ ജല സംരക്ഷണ പ്രവർത്തനങ്ങൾ നിർണ്ണായക പങ്ക് വഹിച്ചതായി കേന്ദ്രസംഘം വിലയിരുത്തി. ജില്ലയിൽ ആരംഭിച്ച ജൽ ശക്തി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തി.

date