Skip to main content

പോർക്കുളം പഞ്ചായത്തിലെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

 

പോർക്കുളം ഗ്രാമപഞ്ചായത്തിലെ  കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. 2021- 22 സാമ്പത്തിക വർഷത്തിലെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. 15 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 

പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കുടിവെള്ളം വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതി ഗ്രൗണ്ട് വാട്ടർ വകുപ്പും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് നടപ്പിലാക്കിയത്. പദ്ധതിപ്രകാരം പുതിയ കുഴൽക്കിണറും 5000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കും നിർമ്മിച്ചിട്ടുണ്ട്. 

കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്  നിർവഹിച്ചു. പോർക്കുളം സെൻ്ററിലെ എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date