Skip to main content

കൊറഗ വിഭാഗത്തിനായി സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേരും

ജില്ലയിലെ കൊറഗ വിഭാഗത്തിനായി പട്ടികവര്‍ഗ വികസന വകുപ്പ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ഉടന്‍ ചേരും. തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡി.പി, ഡി.എഫ്.ഒ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ് ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍,  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊറഗ വിഭാഗത്തിനായി കൃഷി ചെയ്യാനുള്ള സൗകര്യങ്ങളും കാര്‍ഷിക സംബന്ധമായി നേരിടുന്ന പ്രശ്നങ്ങളും, ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. കൊറഗ വിഭാഗത്തില്‍ വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി ജോലി നല്‍കുന്നതിനും പദ്ധതിയുണ്ട്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. വീടിന്റെ അറ്റകുറ്റ പണികളും, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും അടിയ പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പിലാക്കും. കുടംബശ്രീയുമായി യോജിച്ചും വിവിധ പദ്ധതികള്‍ കൊണ്ടുവരും. കുഞ്ചത്തൂരിലുള്ള കൊറഗ വിഭാഗത്തിന് ടി.ആര്‍.ഡി.എം ( ട്രൈബല്‍ റീസെറ്റില്‍മെന്റ് ഡെവലപ്മെന്റ് മിഷന്‍) മുഖേന വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതികളും കൊറഗ വിഭാഗത്തിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിനെയും യോജിപ്പിച്ച് സംയോജിത പദ്ധതിയായി അതിവേഗം ഈ മേഖലയിലുള്ളവരുടെ സാമൂഹ്യപുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്   ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം.മല്ലിക പറഞ്ഞു.

ബദിയടുക്ക പഞ്ചായത്തിലെ പെര്‍ഡാല കൊറഗ കോളനി ആഗസ്റ്റ് 12ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ച് സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുകളുടെ യോഗം ചേരുന്നത്. പെര്‍ഡാലയില്‍ 45 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്കായി 25 ലക്ഷം രൂപ ചെലവില്‍ പട്ടിക വര്‍ഗ വികസന വകുപ്പ്  കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചു നല്‍കും. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് ഇതിന്റെ നിര്‍മാണച്ചുമതല. ജില്ലയില്‍ ആകെ 575 പേരാണ് കൊറഗ വിഭാഗത്തിലുള്ളത്
 

date