Skip to main content

കാസര്‍കോട് നഗരം പച്ചപ്പണിയും,  നഗരവനം പദ്ധതിയുമായി വനം വകുപ്പ്

നഗരത്തിന്റെ ആഡംബരത്തിനൊപ്പം നഗരവാസികള്‍ക്ക് സ്വാഭാവികവനത്തിന്റെ സവിശേഷതകളും അനുഭവഭേദ്യമാക്കാന്‍ വനം വകുപ്പ്. കാസര്‍കോട് നഗരത്തില്‍ നഗരവനമൊരുക്കുന്നതിനാണ് പദ്ധതി. അനുദിനമുണ്ടാകുന്ന നിര്‍മ്മാണപ്രവൃത്തികള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തത്തോടെ വനങ്ങളുടെ ചെറുമാതൃകകള്‍ നഗരങ്ങളില്‍ പുനഃസൃഷ്ടിക്കുന്നതിനൊപ്പം സ്വാഭാവിക വനങ്ങള്‍ നിലനിര്‍ത്തുന്നതുമാണ് നഗരവനം പദ്ധതി.
കാസര്‍കോട് നഗരസഭയിലെ പള്ളം പ്രദേശത്താണ് വനം വകുപ്പ് നഗരവനം ഒരുക്കുന്നത്. നിലവില്‍ പള്ളത്ത് 21 ഹെക്ടറില്‍ കണ്ടല്‍ കാടുകളുണ്ട്. ഈ കണ്ടല്‍ കാടിനോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുകയും ഒപ്പം ഈ പ്രദേശത്തെ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഒരു സ്വാഭാവിക വനം ഒരുക്കി ഇവിടുത്തെ ടൂറിസം വികസനവും ഇതിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ കണ്ടല്‍ കാടുകള്‍ കാണുന്നതിനും കണ്ടല്‍ പ്രദേശങ്ങളിലേക്ക് പോകുന്നതിനുമായി ബോട്ട് സര്‍വീസുകള്‍ ആരംഭിക്കും. അതിനായി ബോട്ട് ജെട്ടി നിര്‍മിക്കും. തദ്ദേശീയരായ ജനങ്ങള്‍ക്ക് ഇവിടെ വന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അതോടൊപ്പം വനം വകുപ്പ് ശേഖരിക്കുന്ന വനവിഭവങ്ങള്‍ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താനും വില്‍ക്കുവാനുമുള്ള കിയോസ്‌കുകളും സ്ഥാപിക്കും. കണ്ടല്‍ കാടുകള്‍ കാണുന്നതിനായി കാടുകള്‍ക്ക് മുകളിലൂടെ എലിവേറ്റഡ് പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് വനം വകുപ്പ് ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും 84ലക്ഷം രൂപ പദ്ധതിക്കായി നിലവില്‍ ലഭിച്ചിട്ടുണ്ട്.

നഗരങ്ങളില്‍ ലഭ്യമായ സ്ഥലങ്ങളില്‍ വനങ്ങളുടെ എല്ലാ സ്വഭാവ വിശേഷങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കൊച്ചുവനം സൃഷ്ടിച്ചെടുക്കുക എന്നതാണ് നഗരവനം പദ്ധതി് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കുന്നു.
നഗരവനം പദ്ധതി വിജയകരമാക്കാന്‍ ഓരോ നഗരങ്ങളിലെയും മണ്ണിന്റെ പ്രത്യേകതയനുസരിച്ച് അതിന് അനുയോജ്യമായ തൈകളാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, അധികം ഉയരം വയ്ക്കാത്ത വൃക്ഷങ്ങള്‍ ഇടത്തരം ഉയരമുള്ള വൃക്ഷങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. വിവിധ തട്ടിലുള്ള വൃക്ഷമേലാപ്പ് ഉണ്ടാക്കുന്നതിനും ഒരു സ്വാഭാവിക വനത്തിന്റെ സവിശേഷതകള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണിത്. നഗരവനങ്ങളില്‍ ഉള്‍പ്പെടുത്തുന്ന തൈകളെല്ലാം പ്രാദേശികമായി വളരുന്നവയാണെന്ന് ഉറപ്പിക്കും. കൂടാതെ വനങ്ങളുടേയും വൃക്ഷങ്ങളുടേയും പാരിസ്ഥിതിക സേവനങ്ങളെക്കുറിച്ച് നഗരവാസികളെ ബോധവാന്മാരാക്കുക, വൃക്ഷവല്‍ക്കരണ പ്രക്രിയയില്‍ നഗരവാസികളെ ഉള്‍പ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ലഘൂകരിക്കല്‍ എന്നിവയും ഈ പദ്ധതിക്ക് പിന്നിലുണ്ട്.

കാസര്‍കോട് നഗരവനം നിര്‍മ്മിക്കുന്ന പള്ളം മേഖലയില്‍ നിലവില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇത്  പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. ടൗണില്‍ നിന്നും മറ്റുമുള്ള മലിനജലം ഇവിടേക്ക് ഒഴുക്കിവിടുന്നതും കണ്ടല്‍കാടിന്റെ നിലനില്‍പിനും വിഘാതമാക്കുന്നുണ്ട്. ഈ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നഗരസഭയുടെയും സ്ഥലം എംഎല്‍എയുടെയും സഹകരണത്തോടെ നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി മൂന്നു മീറ്റര്‍ ഉയരത്തില്‍ വേലിനിര്‍മാണവും നടത്തുന്നതോടെ ഇവിടെ നേരിട്ട് മാലിന്യം നിക്ഷേപിക്കുന്നതു തടയാനാകും. അതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ ശല്യവും പ്രദേശം നേരിടുന്ന വെല്ലുവിളിയാണ്. ഇത് പരിഹരിക്കാനായി ലൈറ്റുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരമെന്ന നിലയില്‍ പുഴ കടന്നു വരുന്ന പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് മാലിന്യനിക്ഷേപം തടയുന്നതിനും പുഴത്തീരം ശുചീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കാനും വനം വകുപ്പ് പദ്ധതിയിടുന്നു.

ജില്ലയില്‍ ഇക്കോ ടൂറിസം വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വനം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കാസര്‍കോട് ഡിഎഫ്ഒ പി.ബിജു പറഞ്ഞു. അതിന്റെ ആദ്യപടിയാണ് പള്ളം നഗരവനം പദ്ധതി. ഈ പദ്ധതിയുടെ വിജയം മറ്റു ഇക്കോ ടൂറിസം പദ്ധതികളിലേക്ക് കടക്കുന്നതിന് വനം വകുപ്പിനു ഊര്‍ജമാകും. വീരമലകുന്ന്, കോട്ടഞ്ചേരി, അരിയില്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതികള്‍ വനം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

date