Skip to main content

ഓണം വിപണിയില്‍ തിളങ്ങാന്‍ കൃഷി വകുപ്പും

ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓണം വിപണിയില്‍ മാറ്റുകൂട്ടാന്‍ ഞായറാഴ്ച മുതല്‍ കൃഷി വകുപ്പിന്റെ പഴം പച്ചക്കറി ചന്തയും. വിവിധ ഇടങ്ങളിലായി ജില്ലയില്‍ 57 ചന്തകളാണ് തുടങ്ങുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെയുള്ള നാല് ദിവസങ്ങളില്‍ ചന്തകള്‍ പ്രവര്‍ത്തിക്കും. കൃഷിവകുപ്പിനൊപ്പം ഹോര്‍ട്ടികോര്‍പ്പും വി.എഫ്.പി.സി.കെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്.

ഓണ വിപണികള്‍ സജീവമായതോടെ നാടന്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രിയമേറുകയാണ്. കൃഷിവകുപ്പിന്റെ വിപണി ഇടപെടല്‍ നടപടിയുടെ ഭാഗമായി നാടന്‍ കര്‍ഷക ചന്തകള്‍ മുഖേന നാടന്‍ പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കൃഷിവകുപ്പിന്റെ കീഴിലുള്ള ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപീകൃതമായ കൃഷി കൂട്ടങ്ങള്‍, ഇക്കോ ഷോപ്പുകള്‍, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിഭവന്‍ തലത്തില്‍ വിപണികള്‍ സംഘടിപ്പിക്കുക.
ഓണവിപണിയില്‍ പഴങ്ങളും പച്ചക്കറികളും പൊതുവിപണിയെക്കാള്‍ താഴ്ന്ന വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും ഗുണകരമാകുന്ന നടപടികളാണ് കൃഷി വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. 10 ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പഴം, പച്ചക്കറികളാണ് പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറച്ച് ഓണ വിപണികള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ഉത്തമ കൃഷി മുറയിലൂടെ ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് 20 ശതമാനം അധിക വില നല്‍കി സംഭരിച്ച് ഉപഭോക്താവിന് 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. മറുനാടന്‍ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വിപണിയില്‍ എത്തിക്കും. കൂടാതെ നാടന്‍ തേനുകള്‍, അച്ചാറുകള്‍ എന്നിവയുടെയും വില്‍പനയുണ്ടാകും.

date