Skip to main content

നെഹ്റുട്രോഫി വള്ളംകളി – സുരക്ഷയൊരുക്കി ജില്ലാ പോലീസ്

 

1.    04.09.2022 ല്‍ പുന്നമടക്കായലില്‍ നടക്കുന്ന 68- മത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും, ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ച്  ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍  20 ഡി.വൈ.എസ്.പി, 50 ഇന്‍സ്പെക്ടര്‍, 465 എസ്.ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
2.    കരയിലേത് എന്ന പോലെ തന്നെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും.
3.     വള്ളംകളിയോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി പുന്നമട ഭാഗം പൂര്‍ണ്ണമായും സി.സി. ടി.വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും.
4.    സ്റ്റാര്‍ട്ടിംഗ് പോയിന്‍റില്‍ സ്റ്റാര്‍ട്ടേഴ്സിന്‍റെയും ഒഫീഷ്യല്‍സിന്‍റെയും നിയമാനുസരണ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവരെ അയോഗ്യരാക്കുന്നതും അവര്‍ക്കുള്ള ബോണസ് ആനുകൂല്യങ്ങള്‍ നിരസിക്കുന്നത് മുതലായുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണ്
5.    വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയില്‍ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും,        സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കും.
6.    നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ ക്യാമറകള്‍ ഏര്‍പ്പാടു ചെയ്തിട്ടുള്ളതും ഇത്തരക്കാരുടെ പേരില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. മത്സരസമയം കായലില്‍  ചാടി  മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 
7.    വള്ളംകളി വളരെ ഗൗരവമുള്ള ഒരു മത്സര ഇനമായി അംഗീകരിച്ചിട്ടുള്ളതാണ്. വള്ളംകളി നടക്കുന്ന സമയം ട്രാക്കില്‍ കയറിയും മറ്റും ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ Public Function Disturbance Act പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
8.    പണം മുടക്കി പാസ്സ് എടുത്ത് പവലിയനിലേക്ക് ആളുകള്‍ എത്തുന്ന സമയം അവര്‍ക്ക് കൃത്യമായ സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം എല്ലാ വര്‍ഷവും ഉണ്ടാകുന്നതിനാല്‍ ആയത് ഒഴിവാക്കുന്നതിനായി പാസ്സുള്ളവരെ മാത്രം പരിശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയന്‍റ് പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിക്കും
9.    പവലിയനുകളില്‍ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിന് രാവിലെ 6.00 മുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. 04.09.2022 രാവിലെ 6 മണി മുതല്‍ പാസ്സില്ലാത്ത ആരെയും പവലിയന്‍ ഭാഗത്തേക്ക് കടത്തി വിടുന്നതല്ല.
10.    പാസ്സുമായി പവലിയനില്‍ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസ്സില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും പാസ്സില്ലാത്തവര്‍ക്ക് പവലിയനിലേക്കുള്ള പ്രവേശനം കര്‍ശനമായി നിഷേധിക്കുന്നതുമാണ്.
11.    പാസ്സ് / ടിക്കറ്റുമായി പവലിയനില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നിട് തിരികെ പ്രവേശിപ്പിക്കുന്നതല്ല. 
12.    04.09.2022 രാവിലെ 8 മണിക്ക് ശേഷം ഒഫിഷ്യല്‍സിന്‍റെ അല്ലാത്ത ബോട്ടുകളും, സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ലാത്തതും അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും നിയമനടപടി സ്വീകരിക്കുന്നതും, അത്തരം ജലയാനങ്ങളുടെ പെര്‍മിറ്റും, ഡ്രൈവറുടെ ലൈസന്‍സും കുറഞ്ഞത് മൂന്ന് വര്‍ഷക്കാലാവധിക്ക് സസ്പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുന്നതുമായിരിക്കും. കൂടാതെ കനാലിലോ റേസ്സ് ട്രാക്കിലോ ആരും തന്നെ നീന്തുവാനും പാടില്ലാത്തതുമാണ്. 
13.    അനൗണ്‍സ്മെന്‍റ് / പരസ്യബോട്ടുകള്‍ രാവിലെ 8 മണിക്ക്  ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുവാന്‍ പാടില്ലാത്തതും മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ലാത്തതുമാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത്തരം ബോട്ടുകള്‍ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുന്നതുമായിരിക്കും.
14.    04.09.2022 രാവിലെ 10 മണിക്ക്  ശേഷം DTPC ജെട്ടിമുതല്‍ പുന്നമടകായലിലേക്കും, തിരിച്ചും ഒരു ബോട്ടും സര്‍വ്വീസും നടത്തുവാന്‍ അനുവദിക്കുന്നതല്ല. 
15.    വളളം കളികാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10 മണിക്ക്  മുന്‍പ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളം കളി കാണാന്‍ ഗാലറികളില്‍ പ്രവേശിക്കുന്നവരും  മറ്റ് കരഭാഗത്തു നില്‍ക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാന്‍ പാടുള്ളതല്ല. അത്തരക്കാരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
16.    വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്ഡുകള്‍ നടത്താന്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരസ്യമായി മദ്യക്കുപ്പികള്‍ കൊണ്ട് നടക്കുന്നവരെയും, പരസ്യ മദ്യപാനം നടത്തുന്നവരെയും, ലഹരിക്കടിമപ്പെട്ട് ജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്നതും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. 

17.    നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് 04.09.2022 രാവിലെ 9 മണിമുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 6 മണിമുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതല്‍ കൈചൂണ്ടി ജംഗ്ഷന്‍, കൊമ്മാടി ജംഗ്ഷന്‍ വരെയുള്ള റോഡരികുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും,  ഉടമയില്‍ നിന്ന് പിഴ ഈടാക്കുന്നതുമായിരിക്കും.
18.    04.09.2022 തീയതി രാവിലെ 7.00 മണിമുതല്‍ വൈകി 7.00 മണിവരെ      ജില്ലാ കോടതി വടക്കെ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജംഗ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈ.എം.സി.എ തെക്കേ ജംഗ്ഷന്‍ മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗം കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നതല്ല.
19.     നെഹ്റു ട്രോഫി വള്ളം കളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എസ്സ് ഡി വി സ്ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതും, എറണാകുളം ഭാഗത്തു നിന്ന് നാഷണല്‍ ഹൈവേയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന്‍ വഴി എസ്സ് ഡി വി സ്ക്കൂള്‍ ഗ്രൗണ്ടിലെത്തി പാര്‍ക്കുചെയ്യേണ്ടതുമാണ്. കൂടാതെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്‍റ് ആന്‍റണീസ് സ്ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. 
20.    വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനില്‍ നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏര്‍പ്പാട് ചെയ്തിട്ടുള്ളതും, അപകടം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ തിക്കുംതിരക്കും ഒഴിവാക്കേണ്ടതുമാണ്.
21.    വള്ളംകളിയുടെ തലേദിവസം മുതല്‍ വാഹനഗതാഗതവും പാര്‍ക്കിംഗും നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.
22.    മത്സര സമയം അധികൃതരുടെ അനുവാദമില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. 
 

date