കടലുണ്ടി പഞ്ചായത്തിൽ വിപുലമായ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം
കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2022ന് തുടക്കമായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രയിൽ വൻ ജനാവലി അണിനിരന്നു. സാസ്കാരിക ഘോഷയാത്രയ്ക്കു ശേഷം അരങ്ങ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നാട്ടുണർവ്വ് നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് അഞ്ചു ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് നടക്കുക. എല്ലാ ദിവസവും കുടുംബശ്രീ വ്യാപാരമേളയും, ഭക്ഷ്യമേളയും നടക്കുന്നുണ്ട്. വൈകിട്ട് അഞ്ചു മണി മുതൽ വൈവിധ്യമാർന്ന കലാകായിക പരിപാടികളും അരങ്ങേറും.
ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന കുടുംബശ്രീ ഉത്പന്ന വിപണനമേള ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ, സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദുപച്ചാട്ട്, സുഷമ, മെമ്പർ സതീദേവി ടീച്ചർ, സി ഡി എസ് ചെയർപേഴ്‌സൺ പ്രവീണ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്ഥിരം സമിതി ചെയർമാൻ മുരളി മുണ്ടെങ്ങാട്ട് സ്വാഗതവും ഹമീദ് പട്ടത്താനം നന്ദിയും പറഞ്ഞു.
- Log in to post comments