രാമനാട്ടുകര കുടുംബശ്രീ ഓണച്ചന്തയിൽ നാലാം ദിനവും വൻ തിരക്ക്
രാമനാട്ടുകര നഗരസഭയിലെ കുടുംബശ്രീ ഓണം വിപണന മേളയിൽ നാലാം ദിനവും വൻ തിരക്ക്. രാമനാട്ടുകര ഗവ യുപി സ്കൂളിനു സമീപത്താണ് മേള നടക്കുന്നത്. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകൾ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. 39 സ്റ്റാളുകളിലായി കുടുംബശ്രീ യൂണിറ്റുകളിൽ നിർമ്മിച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് വില്പനയ്ക്ക് ഒരുക്കിയിട്ടുള്ളത്.
മൺപാത്രങ്ങൾ വിൽക്കുന്ന സ്റ്റാളുകളിലാണ് കൂടുതൽ തിരക്ക്. 60 രൂപ മുതലുള്ള മൺപാത്രങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ കുടുംബശ്രീ ഹോം ഷോപ്പ് യൂണിറ്റുകളിൽ നിർമ്മിച്ച ഉത്പന്നങ്ങളും മേളയിലുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ തുണിത്തരങ്ങൾ മേളയിലെ പ്രധാന ആകർഷണമാണ്.
ഗുണമേന്മയുള്ള ജൈവ പച്ചക്കറികൾ വാങ്ങാനെത്തുന്നവരും ഏറെയാണ്. കൂടാതെ, അച്ചാറുകൾ, കറി മസാലകൾ തുടങ്ങി വീട്ടിലേക്കാവശ്യമായ എല്ലാവിധ ഉത്പന്നങ്ങളും തേടി ആളുകൾ ഇവിടെയെത്തുന്നു. ഓണം സ്പെഷ്യൽ പായസവും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ ഒന്നിന് തുടങ്ങി ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ചന്തയിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.ഗുണമേന്മയുള്ള ഉത്പന്നങ്ങൾ പൊതു വിപണിയിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് തന്നെയാണ് കാരണം.
- Log in to post comments