നേത്രദാന ബോധവല്‍ക്കരണവും സമ്മതപത്ര സമര്‍പ്പണവും നടത്തി
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നേത്രദാന ബോധവല്‍ക്കരണവും സമ്മതപത്ര സമര്‍പ്പണവും നടന്നു. 'മരണ ശേഷം നിങ്ങളുടെ രണ്ടു കണ്ണുകള്‍ ദാനം ചെയ്ത് രണ്ട് പേര്‍ക്ക് കാഴ്ച നല്‍കൂ' എന്ന സന്ദേശം പ്രചരിപ്പിക്കുകയും നേത്രദാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആശങ്കകളും ദുരീകരിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ചടങ്ങില്‍ ജീവനക്കാരുടെ നേത്രദാന സമ്മതപത്ര സമര്‍പ്പണം നടന്നു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ് ടി, ഗവ. ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഒഫ്താല്‍മോളജി കണ്‍സള്‍ട്ടന്റ് ഡോ. പ്രജീഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ശ്രീലാല്‍ കെ, ഷിബിത പി.വി എന്നിവര്‍ സംസാരിച്ചു.
പ്രായമായവരുള്‍പ്പടെ ഒരു വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാരുടെയും കണ്ണുകള്‍ മരണ ശേഷം ദാനം ചെയ്യാം. ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്ര രോഗങ്ങളാല്‍ കണ്ണട വച്ചവര്‍ക്കും തിമിരം, ഗ്ലോക്കോമ തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയകള്‍ക്ക് വിധേയമായവര്‍ക്കും മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ സാധിക്കും. എച്ച്.ഐ.വി, പേവിഷബാധ, സെപ്റ്റികീമിയ രോഗ ബാധിതരുടെ കണ്ണുകള്‍ മരണ ശേഷം ദാനം ചെയ്യാനാവില്ല.
കണ്ണിലെ കോര്‍ണിയ മാത്രമാണ് മരണ ശേഷം എടുക്കുന്നത്. അതുകൊണ്ട് ദാനം മൂലം യാതൊരു തരത്തിലുള്ള മുഖവൈരൂപ്യവും ഉണ്ടാകുന്നില്ല. മരണ ശേഷം 6 മണിക്കൂറിനുള്ളില്‍ കോര്‍ണിയ എടുത്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുക. കോഴിക്കോട് ജില്ലയില്‍ ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ നിലവിലുണ്ട്. ഫോണ്‍ നമ്പര്‍: 8281054400.
- Log in to post comments