കലാസന്ധ്യയുടെ രണ്ടാം ദിനവും ബീച്ചിൽ വൻ ജനപ്രവാഹം
ഓണാഘോഷത്തോടനുബന്ധിച്ചു ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ അരങ്ങേറിയ കലാസന്ധ്യയുടെ രണ്ടാം ദിനവും വൻ തിരക്ക്.പരിപാടി ആസ്വദിക്കാൻ വൻ ജനപ്രവാഹമാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.
തുമ്പപ്പൂ കാറ്റിൽ താനേ ഊഞ്ഞാലാടി എന്ന ഗാനവുമായെത്തിയ ഒരു കൊച്ചു കലാകാരിയാണ് അരങ്ങുണർത്തിയത്. തുടർന്ന് മെലഡി ഗാനങ്ങളുമായി വിവിധ കോളേജുകളിലെ കലാകാരികൾ വേദിയിലെത്തി. മോഹിനിയാട്ടം, തിരുവാതിരക്കളി, സെമി ക്ലാസ്സിക്കൽ നൃത്തം തുടങ്ങിയ പരിപാടികൾ സന്ധ്യയെ കൂടുതൽ മനോഹരമാക്കി. മിമിക്രി കലാകാരന്റെ പ്രകടനം കാണികൾ ഏറെ ആസ്വദിച്ചു. കോമഡി ഉത്സവം താരം സ്വരൂപിന്റെ പരിപാടി കണ്ട് കാണികൾ മതിമറന്ന് ചിരിച്ചു. മ്യൂസിക് ബാന്റിന്റെ തകർപ്പൻ പ്രകടനത്തോടെയാണ് കലാസന്ധ്യയ്ക്ക് തിരശ്ശീല വീണത്.
ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു കലാസന്ധ്യയിൽ അണിനിരന്നത്. ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ചേളന്നൂർ എസ് എൻ കോളേജ്, ദേവഗിരി കോളേജ്, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലെ കലാപ്രതിഭകൾ വേദിയിൽ മാറ്റുരച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു സെപ്റ്റംബർ 9, 10, 11 തീയതികളിലായി നഗരത്തിലെ പ്രധാന വേദികളിൽ അരങ്ങേറുന്ന വിപുലമായ കലാപരിപാടികളുടെ പ്രചരണാർത്ഥമാണ് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ കലാസന്ധ്യ അരങ്ങേറിയത്.വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
- Log in to post comments