തോണികാഴ്ച്ച - 2022 ഒരുക്കങ്ങൾ പൂർത്തിയായി
ജലസേചനവകുപ്പിന് കീഴിലുള്ള തോണിക്കടവ് - കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നടത്തുന്ന തോണിക്കാഴ്ച്ച 2022ന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ടൂറിസം മാനേജ്മെൻറ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട സ്റ്റാളുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കും. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന കലാപരിപാടികളിൽ ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ നടക്കും.
സെപ്റ്റംബർ ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് കലാ സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങ് കെ.എം സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന കലാവിരുന്നിൽ പ്രശസ്ത താരങ്ങൾ വേദിയിലെത്തും. സഞ്ചാരികൾക്കായി ബോട്ടിങ്, ഫുഡ് കൗണ്ടർ, ലൈവ് ഫിഷ് കൗണ്ടർ എന്നിവ മേളയിൽ ഉണ്ടാവും. സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്ക് പ്രത്യേക ഓണ സമ്മാനവും നൽകും.
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥിയാവും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമാർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments