Skip to main content

സം​ഗീത സാ​ഗരം തീർക്കാൻ ത്രികായ മ്യൂസിക് ബാൻഡെത്തുന്നു

ഫ്യൂഷൻ വിസ്മയുമായി മട്ടന്നൂർ ശങ്കരൻകുട്ടിയും പ്രകാശ് ഉള്ള്യേരിയും 

 

 

കോഴിക്കോട് സം​ഗീത സാ​ഗരം തീർക്കാൻ ത്രികായ മ്യൂസിക് ബാൻഡെത്തുന്നു. വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടിയും കീബോർഡ് മാന്ത്രികൻ പ്രകാശ് ഉള്ള്യേരിയും ഒന്നിച്ച ‘ത്രികായ' മ്യൂസിക് ബാൻഡാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിലെത്തുന്നത്.  കേരളീയ വാദ്യോപകരണങ്ങളും പാശ്ചാത്യ സംഗീതോപകരണങ്ങളും സമനയിപ്പിച്ചുണ്ടാകുന്ന അപൂർവ്വ സം​ഗീതാനുഭവമാണ് ഇവിടെ പ്രേഷകരെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് വെെകീട്ട് ആറ് മണിക്കാണ് ‘ത്രികായ' മ്യൂസിക് ബാൻഡിന്റെ പരിപാടി നടക്കുക. 

 

ചെണ്ട, മദ്ദളം, തിമില, ഇലതാളം എന്നിവയെ കീ ബോർഡ്, ഗിത്താർ, വയലിൻ, ഡ്രംസ് എന്നിവയുമായി സംയോജിപ്പിക്കുന്നതാണ് പുതിയ ഫ്യൂഷൻ.  ലെവംഗി, ചാരുകേശി, ഷൺമുഖപ്രിയ മധുവന്തി എന്നിങ്ങനെ അപൂർവ രാഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴമയുടെ സൗന്ദര്യം നിലനിർത്തി എല്ലാ വിഭാഗം ആസ്വാദകർക്കും ഇഷ്ടപ്പെടുന്ന ട്രെൻഡി വിഭവങ്ങളാണ്  ത്രികായ ഒരുക്കിയിരിക്കുന്നത്. മട്ടന്നൂരുമായുള്ള കാൽ നൂറ്റാണ്ടിന്റെ സൗഹൃദമാണ്  ‘ത്രികായ' മ്യൂസിക് ബാൻഡിലേക്ക് നയിച്ചതെന്ന് പ്രകാശ് ഉള്ള്യേരി പറഞ്ഞു. 

 

മട്ടന്നൂരിനൊപ്പം മക്കളായ  ശ്രീകാന്തും ശ്രീരാജും അണിനിരക്കും. ഫ്യൂഷൻ മ്യൂസിക് കംബോസിഷനും കീ ബോർഡും നിർവഹിച്ചിരിക്കുന്നത് പ്രകാശ് ഉള്ള്യേരിയാണ്. കോട്ടയ്ക്കൽ രവിയാണ് മദ്ദളം. ഒറ്റപ്പാലം ഹരി തിമിലയും മട്ടന്നൂർ അജിത് മാരാർ ഇലത്താളവും റോജോ ആന്റണി വയലിനും ഋഷികേശ് ഡ്രമ്മും അനീഷ് ഗിറ്റാറും. ചാരു ഹരിഹരനാണ് മൃദം​ഗവും കൊന്നക്കോലും കൈകാര്യം ചെയ്യുന്നത്.  

 

ഓണാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് ത്രികായ മ്യൂസിക് ബാൻഡിന്റെ പരിപാടി ഒരുക്കിയിരിക്കുന്നത്.

date