കോഴിക്കോടിന്റെ ഓണോത്സവം ശ്രദ്ധേയമായി ജനകീയ പൂക്കളം
ജില്ലയിലെ ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഒരുക്കിയ ഭീമന് പൂക്കളം ശ്രദ്ധേയമായി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജനകീയ പൂക്കളമിടലില്‍ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒഴുകിയെത്തി.
വിവിധ സാമുദായിക സംഘടനാ ഭാരവാഹികള്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, നഴ്സുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ചുമട്ടു തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകളും പൂക്കളത്തിന്റെ ഭാഗമായി.
110 കിലോ പൂക്കളാണ് പൂക്കളമൊരുക്കാന് ഉപയോഗിച്ചത്. രാവിലെ ഒന്‍പത് മണിയോടെ തുടങ്ങിയ പൂക്കളമിടല്‍ ഉച്ചയ്ക്ക് ഒരുമണിയോടെ പൂര്‍ത്തിയായി. പരിപാടിയില്‍ എം.കെ രാഘവന് എം പി, ഡെപ്യൂട്ടി മേയര്‍ സി.പി മുസഫര്‍ അഹമ്മദ്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ വരുണ്‍ ഭാസ്കര്‍, പി ദിവാകരന്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി ബാലകൃഷ്ണന്, ഡി.ടി.പി.സി സെക്രട്ടറി പി.നിഖില്‍ ദാസ്, കോഴിക്കോട് രൂപത വികാരി ജനറല്‍ ഫാ.ജെന്സണ് പുത്തന്‍വീട്ടില്‍, താമരശ്ശേരി രൂപത ചാന്‍സിലര്‍ ഫ. ബെന്നി മുണ്ടനാട്ട്, സിസ്റ്റര്‍ ജോളി, സ്വാമി നരസിംഹാനന്ദ, സ്വാമി ഭക്താനന്ദ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments