Skip to main content

കാർത്തിക്ക് പാടി.. കടലും കരയും നാടും കേട്ടാസ്വദിച്ചു

 

കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ കാർത്തിക്കിന്റെ മ്യൂസിക്കൽ നൈറ്റ്. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി  കോഴിക്കോട് ബീച്ചിൽ കാർത്തിക്കും സംഘവും തീർത്തത് സംഗീത മാന്ത്രികത. 

ഓടക്കുഴൽ നാദത്തിന്റെ അകമ്പടിയോടെ  'മഹാഗണപതിം' എന്ന ശാസ്ത്രീയ ഗാനം ഫ്യൂഷൻ രീതിയിൽ അവതരിപ്പിച്ചാണ് സംഗീത വിരുന്ന് തുടങ്ങിയത്. 'ആജ് ജാനേ കി സിദ് നാ കരോ', 'കൃഷ്ണാ നീ ബേഗനെ ബരൂ ' ഗാനങ്ങൾ നൈർമല്യം തൂകിയപ്പോൾ 'ഒരു മാലയ് ഇളവെയിൽ നേരം' എന്ന ഗാനം കാണികളെ ഇളക്കിമറിച്ചു, ആസ്വാദകർ ഏറ്റുപാടാൻ തുടങ്ങി.

മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ നിന്നുള്ള ഗാനങ്ങളും
ജാസ്, പോപ്‌, ഇന്ത്യൻ ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള വേറിട്ട സംഗീതത്തിനാണ് കോഴിക്കോടിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത്.

ഗിറ്റാറിൽ ബ്രൂസ്‌ലിയും കീ ബോർഡിൽ നവനീത് സുന്ദറും വിസ്മയം തീർത്തു.
സഹ ഗായിക രേഷ്മയുടെ മികച്ച പ്രകടനവും കാണികളിൽ ആവേശമായി.

date