Skip to main content

കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി നാടൻ കലാമേള അരങ്ങേറി

 

സ്വരലയ കുരുവട്ടൂർ അവതരിപ്പിച്ച ശിങ്കാരിമേളത്തോടെ ജില്ലയിൽ നാടൻകലാ മേളയ്ക്ക്‌ തുടക്കമായി. മാനാഞ്ചിറ മൈതാനത്ത് കലാമേള ആസ്വദിക്കാൻ നിരവധി പേരെത്തി.

അന്യംനിന്നു പോകുന്ന പൈതൃക കലകളുടെ പട്ടികയിൽ ഇടംപിടിച്ച  യുനെസ്കോ അംഗീകാരം നേടിയ കലാരൂപമായ മുടിയേറ്റ് കേരള ഫോക്‌ലോർ അക്കാദമിയ്ക്ക് വേണ്ടി കീഴില്ലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു.ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധത്തിൽ ധർമം വിജയിക്കുന്നതിനെ നിരാകരിച്ചായിരുന്നു മുടിയേറ്റിന്റെ ഇതിവൃത്തം. ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്ന്  അവതരിപ്പിച്ച  മുടിയേറ്റിൽ കാണികളും പങ്കാളികളായി.

പ്രഭാഷും സംഘവും അവതരിപ്പിച്ച വട്ടപ്പാട്ട് മേളയുടെ മറ്റൊരാകർഷണമായിരുന്നു.
അന്യം നിന്നു പോകുന്ന നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നത് വഴി കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകത്തെ ജനങ്ങൾക്കുമുന്നിലെത്തിക്കുകയാണ് നാടൻകല മേളയിലൂടെ ലക്ഷ്യമിട്ടത്.

വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് നാടൻകലാ മേള സംഘടിപ്പിച്ചത്. ചടങ്ങിൽ ഫോക് ആർട്ട്  കമ്മിറ്റി ചെയർമാൻ ടി വി ബാലൻ,ഫോക് ആർട്ട്  കമ്മിറ്റി കൺവീനർ പുരുഷൻ കടലുണ്ടി എന്നിവർ സംസാരിച്ചു.

date