Skip to main content
കൊടുങ്ങല്ലൂരിലെത്തിയ സിവിൽ സപ്ലൈസിന്റെ അരിവണ്ടി അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

സപ്ലൈകോയുടെ അരിവണ്ടി  കൊടുങ്ങല്ലൂരിലും

 

സംസ്ഥാനത്തെ പൊതുവിപണിയിൽ വർദ്ധിച്ചുവരുന്ന  അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ്  ഒരുക്കിയിട്ടുള്ള അരിവണ്ടി ഇനി മുതൽ കൊടുങ്ങല്ലൂരിലെ നാട്ടിടവഴികളിലും.
സപ്ലൈകോയുടെ മാവേലി സ്‌റ്റോർ, സൂപ്പർമാർക്കറ്റ്‌ എന്നിവ ഇല്ലാത്ത താലൂക്ക്‌, പഞ്ചായത്ത്‌ കേന്ദ്രങ്ങളിലാണ്‌ അരിവണ്ടി സഞ്ചരിക്കുന്നത്‌. 

സാധാരണക്കാർക്ക് ആശ്വാസമാകുന്ന സപ്ലൈകോയുടെ മൊബൈൽ മാവേലി വാഹനത്തിൽ പച്ചരി 23 രൂപ, മട്ടഅരി 24, കുറുവ ജയഅരി 25 രൂപയ്ക്കും ലഭിക്കും. എല്ലാ കാർഡുകാർക്കും ഒരേസമയം  അരി ലഭിക്കും. കാർഡ് ഒന്നിന് പരമാവധി 10 കിലോ അരിയാണ് നൽകുന്നത്. കൂടാതെ മറ്റു ധാന്യങ്ങളും വസ്തുക്കളും വാഹനത്തിൽ വിതരണം ചെയ്യുന്നുണ്ട്. ഒരു താലൂക്കിൽ രണ്ട്‌ ദിവസം വീതം എന്ന രീതിയിലാണ്‌ വാഹനത്തെ ക്രമീകരിച്ചിരിക്കുന്നത്‌. അരി വാങ്ങുന്നതിന് റേഷൻ കാർഡ് ഹാജരാക്കണം.

കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്ന് ആരംഭിച്ച അരിവണ്ടിയാത്ര  അഡ്വ.വി  ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെആർ ജൈത്രൻ,സപ്ലൈകോ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date