Skip to main content

വിശ്വാസവും അന്ധവിശ്വാസവും വേർതിരിച്ചറിയണം -  എച്ച് സലാം എം എൽ എ 

ആലപ്പുഴ : രാജാ റാം മോഹൻ റായിയുടെ 250ആം ജന്മവാർഷികത്തോടനുബന്ധിച്ചു ജില്ലാ ലൈബ്രറി കൌൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ പരിപാടികളുടെ പൊതുസമ്മേളനം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
 അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളർന്നുവരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ അതിനെതിരെ ശബ്ദമുയർത്തേണ്ടതാണ്.ഇത്തരം പ്രവണതകളെ നിസാരവത്ക്കരിക്കുന്നത് വലിയ പ്രതിസന്ധിക്ക് വഴിവെക്കും.കേരള സമൂഹത്തിലെ ഭൂരിഭാഗം ആളുകളും വിശ്യാസികളാണ്.  വിശ്വാസത്തേയും അന്ധവിശ്വാസത്തെയും വേർതിരിച്ചറിഞ്ഞാൽ മാത്രമേ സമൂഹത്തിന് വളർച്ചയുണ്ടാകുവെന്ന് എം എൽ എ പറഞ്ഞു.
ജില്ലയിലെ ആറു താലൂക്കുകളിലെ ലൈബ്രറി കൌൺസിലുകളുടെ നേതൃത്വത്തിൽ നഗരചത്വരത്തില്‍ നിന്നും ആരംഭിച്ച റാലി 
പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.  ഫ്‌ളാഗ് ഓഫ് ചെയ്തു.

രാജാ റാംമോഹന്‍ റായി ലൈബ്രറി ഫൗണ്ടേഷന്‍, ജില്ല ഭരണകൂടം, ആലപ്പുഴ നഗരസഭ, ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാക്ഷരതാ മിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ആവിഷ്കരിച്ചത്. 
ടൗണ്‍ ഹാളില്‍ നടന്ന പൊതു സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കവിത, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ദീപ്തി അജയകുമാര്‍, കെ.കെ. സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date