Skip to main content

കെ.എസ്.ആർ.ടി.സി.യെ നിലനിർത്തുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം: മന്ത്രി ആന്റണി രാജു

ആലപ്പുഴ: എന്ത് പ്രതിസന്ധി വന്നാലും കൈവിടാതെ കെ.എസ്.ആർ.ടി.സി.യെ സർക്കാർ നിലനിർത്തുമെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു. മാവേലിക്കര കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ ആരംഭിച്ച യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സി.യെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തി ലാഭത്തിലേക്ക് കൊണ്ട് വരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി 116 സ്വിഫ്റ്റ് ബസുകൾ നിരത്തിലിക്കി കഴിഞ്ഞു. യാത്രക്കാർക്ക് കൂടുതൽ സുഖപ്രദമായ യാത്രയും മറ്റ് സൗകര്യങ്ങളും നൽകുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 35 ഇലക്ട്രിക് ബസുകൾ ഇതിനകം നിരത്തിൽ ഇറക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ 15 ബസുകൾ കൂടി നിരത്തിലിറക്കും- മന്ത്രി പറഞ്ഞു.   

ഇന്ത്യൻ ഓയിലുമായി ചേർന്ന് സംസ്ഥാനത്ത്  75 റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനാണ് ല​ക്ഷ്യമിടുന്നത്. ഇതിനകം 10 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ആറ് മാസത്തിനകം 30 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കും. ബസ് സ്റ്റാന്റുകളോട് ചേർന്ന് സി.എൻ.ജി, എൽ.എൻ.ജി., ഇലക്ട്രിക് ചാർജിം​ഗ് സറ്റേഷനുകളും ഭാവിയിൽ ആരംഭിക്കും. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ആവശ്യമാണ്. നാടിന്റെ വികസനമാണ് പ്രധാനമെന്ന് മനസ്സിലാക്കി എല്ലാ ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തണം- മന്ത്രി പറഞ്ഞു. 

ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. ന​ഗരസഭാധ്യക്ഷൻ കെ.വി. ശ്രീകുമാർ ആദ്യ വിൽപന നിർവഹിച്ചു. എൻ. ബാലാജി റിപ്പോർട്ട് അവതരിപ്പിച്ചു. 

ന​ഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സ്റ്റാന്റിം​ഗ് കമ്മിറ്റി അധ്യക്ഷൻ മാരായ അനി വർ​ഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ്. രാജേഷ്, മധ്യമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. സെബി, കെ. മധുസൂധനൻ, സി.കെ. രത്നാകരൻ, വിപിൻ ഓസ്റ്റിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date