Skip to main content

മൂന്നാറില്‍ സമഗ്ര മാലിന്യ പരിപാലനം:  വിപുലമായ ക്യാംപയിനുമായി  ഹരിതകേരളം മിഷനും പഞ്ചായത്തും

 

    മൂന്നാറില്‍ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 10ന് (വ്യാഴാഴ്ച) തുടക്കമാകും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ സംഘടനകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ നൂതനമായ കാമ്പയിന്‍ പരിപാടികള്‍ ആരംഭിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മസേന, സമീപ ജില്ലകളിലെ ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചെറിയ ഗ്രൂപ്പുകള്‍ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങള്‍ കൂട്ടിക്കുഴക്കാതെ വേര്‍തിരിച്ചു ശേഖരിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കും. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവ വളമാക്കാനും അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് പുനചംക്രമണത്തിന് നല്‍കണമെന്നുമുള്ള സന്ദേശവും നല്‍കും. തുടര്‍ന്ന് ഉച്ചക്ക് 1.30 മുതല്‍ മൂന്നു വരെ മൂന്നാര്‍ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും സ്‌കൂളുകളില്‍ മാലിന്യം വേര്‍തിരിക്കുന്നതിനെക്കുറിച്ച് ഒരേ സമയം ടോക് ഷോ നടത്തും. നവകേരളം ആര്‍.പി.മാരും ഇന്റേണ്‍ഷിപ്പിലുള്ളവരും ടോക് ഷോയില്‍ ക്ലാസെടുക്കും.

പഞ്ചായത്തിലെ 65 ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നുള്ള 65 നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, 17 ഇന്റേണ്‍ഷിപ്പ് ട്രെയിനികള്‍, മൂന്നാറിലെ കോളജുകളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ എന്നിവരാണ് ക്യാംപയിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാന നവകേരളം കര്‍മപദ്ധതിയില്‍ നിന്നുള്ള ടീമും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡംഗങ്ങളും പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥരും റസിറ്റിയെന്ന സന്നദ്ധസംഘടനയും ക്യാംപയിനിന്റെ ഭാഗമാകും.
വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യവും അജൈവമാലിന്യവും വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും ഹരിതകര്‍മ്മസേനയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമുള്ള പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
 

date