Skip to main content

പോക്‌സോ കേസ്:  അധ്യാപകർക്ക് സമഗ്ര പരിശീലനം നൽകുമെന്നു ബാലാവകാശ കമ്മിഷൻ

കോട്ടയം: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർ അടക്കമുള്ളവർക്ക് സമഗ്രമായ പരിശീലനം നൽകുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. വിജയകുമാർ. കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട കർത്തവ്യ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരയാക്കപ്പെടാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട കുട്ടികളെ തിരിച്ചറിഞ്ഞു ഇടപെടലുകൾ നടത്തിയാൽ കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഉദ്യോഗസ്ഥരുടേയും തദ്ദേശവകുപ്പ് പ്രതിനിധികളുടേയും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കൃത്യമായ യോഗങ്ങൾ ചേരണം. ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ പോക്‌സോ കേസുകൾ കുറക്കുന്നതിന് സഹായിക്കും എന്നും സി. വിജയകുമാർ പറഞ്ഞു.
  ഡോക്ടർമാർ, എസ്.സി./ എസ്.ടി. പ്രമോട്ടർമാർ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകും. ഇരയായ കുട്ടികൾക്ക് റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡോക്ടർമാർ നിർബന്ധമായും  വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കണമെന്ന് സി. വിജയകുമാർ പറഞ്ഞു. പ്രശ്‌നങ്ങളിൽ പെടുന്ന കുട്ടികളെ സ്‌കൂളുകളിൽ പുറത്താക്കുന്നതിനു പകരം അവരെ തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷനംഗം പറഞ്ഞു.
 പോക്‌സോ കേസുകളിൽ ഇരകളായ കുട്ടികൾക്ക് ഇടക്കാല ആശ്വാസമായ് നഷ്ടപരിഹാരവും നിയമ സഹായവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്‌കൂളുകളിൽ കുട്ടികൾക്ക് കൗൺസലിങ് നൽകാൻ പ്രത്യേകം കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്.  
  സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തത് കോട്ടയം ജില്ലയിലാണെന്നു യോഗം വിലയിരുത്തി. ഈ വർഷം ഒക്ടോബർ 31 വരെ 171 പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. മല്ലിക, ചൈൽഡ് വെൽഫയർ കമ്മറ്റി (സി.ഡബ്‌ള്യൂ.സി) ചെയർമാൻ ഡോ. അരുൺ കുര്യൻ, സി.ഡബ്ല്യൂ.സി അംഗം സോഫിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ചൈൽഡ്‌ലൈൻ, എൻ.ജി.ഒ. പ്രവർത്തകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ:

കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട കർത്തവ്യ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. വിജയകുമാർ സംസാരിക്കുന്നു.

 

(കെ.ഐ.ഒ.പി.ആർ. 2709/2022)  

date