Skip to main content

ആറളം ഫാമിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു

ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു. ആറളം ഗ്രാമപഞ്ചായത്ത്, കെ എസ് ആർ ടി സി, പട്ടികവർഗ വികസന വകുപ്പ് എന്നിവ ചേർന്നാണ് ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്.

ദിവസവും രാവിലെ ഫാമിൽ നിന്നും വളയംചാൽ-കീഴ്പ്പള്ളി-ഇരിട്ടി റൂട്ടിലേക്കും തിരിച്ചും സർവ്വീസ് നടത്തും. തുടർന്ന് ഇരിട്ടി-മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ സഞ്ചരിച്ച് ഫാമിൽ തിരികെയെത്തും. ഇതോടെ ആറളം പുനരധിവാസ മേഖല, ആറളം കൃഷി ഫാം, ആറളം ഹയർസെക്കണ്ടറി സ്‌കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ, എം ആർ എസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെയും പഞ്ചായത്തിന്റെ മറ്റ് മേഖലകളിലെയും യാത്രാ പ്രശ്‌നത്തിന് പരിഹരമാകുമെന്നാണ് പ്രതീക്ഷ. പുനരധിവാസ മേഖലയിൽ താമസിക്കുന്ന 1812 കുടുംബങ്ങളും കൂടുതലായി ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ്. ഗോത്രസാരഥി പദ്ധതിയിലൂടെ ഫാം സ്‌കൂളിലെ 649 ആദിവാസി കുട്ടികൾക്ക് നിലവിൽ യാത്രാ സൗകര്യമുണ്ട്. ഗ്രാമവണ്ടി ആരംഭിക്കുന്നതോടെ കുട്ടികൾക്കും ഈ സൗകര്യം ഉപയോഗിക്കാനാകും.

പദ്ധതി പ്രകാരം ബസിന് ഡീസൽ ലഭ്യമാക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. പഞ്ചായത്ത് ആവശ്യപ്പെടുന്ന റൂട്ടുകളിലേക്കാണ് സർവീസ് നടത്തുക. ഇതിനായി രണ്ടു ബസുകളാണ് കെ എസ് ആർ ടി സിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിസംബർ ആദ്യ വാരം തന്നെ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂട്ട് മാപ്പ് തയ്യാറായി കഴിഞ്ഞതായും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് പറഞ്ഞു.

date