Skip to main content

സംസ്ഥാന മൃഗസംരക്ഷണ കർഷക അവാർഡ്; കോട്ടയത്തിന് നേട്ടം

 

കോട്ടയം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോട്ടയത്തിന് മികച്ച നേട്ടം. സംസ്ഥാനതലത്തിൽ നൽകുന്ന അഞ്ച് അവാർഡുകളിൽ മൂന്നും കോട്ടയത്തു നിന്നുള്ള കർഷകർ സ്വന്തമാക്കി. മികച്ച സമ്മിശ്രകർഷകനുള്ള അവാർഡിന് മുട്ടുചിറ സ്വദേശിനിയായ അരുക്കുഴിയിൽ വിധു രാജീവ് അർഹയായി. പശുക്കൾക്ക് പുറമെ ആട്, മുട്ടക്കോഴി, താറാവ്, ടർക്കിക്കോഴി, അലങ്കാര പക്ഷികൾ എന്നിവ കൂടാതെ പച്ചക്കറി കൃഷിയും നടത്തിയാണ് വിധു സമ്മിശ്ര കർഷകനുള്ള അവാർഡ് നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫല കവുമാണ് സമ്മാനം.

പാറത്തോട് സ്വദേശിനിയായ പുത്തൻപുരയ്ക്കൽ റിനി നിഷാദാണ് മികച്ച വനിതാ കർഷക. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. നാല് വർഷമായി മൃഗസംരക്ഷണ മേഖലയിൽ സജീവമായ റിനി 35 പശുക്കൾ, എരുമ, ആട്, മുട്ടക്കോഴി എന്നിവയെ പരിപാലിക്കുന്നുണ്ട്. സഫ മിൽക്ക് എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്.
മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ടത് മരങ്ങാട്ടുപിള്ളി സ്വദേശിയായ തെങ്ങും തോട്ടത്തിൽ മാത്തുക്കുട്ടി ടോമാണ്. കറവപ്പശുക്കൾ, എരുമ, ആട്, പന്നി, മുട്ടക്കോഴി, ബ്രോയിലർ എന്നിവയെ പരിപാലിക്കുന്ന മാത്തുക്കുട്ടി പന്നി, കോഴി എന്നിവയുടെ വിപണനവും നടത്തുന്നുണ്ട്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ലഭിക്കുക. തിരുവനന്തപുരത്ത് മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

(കെ.ഐ.ഒ.പി.ആർ 2911/2022)

date