Skip to main content

ഫാം ടൂറിസം ആരംഭിക്കാനൊരുങ്ങി  എലിക്കുളം പഞ്ചായത്ത്

 

കോട്ടയം: ഫാം ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിച്ച് പദ്ധതികൾ ആവിഷ്‌ക്കരിക്കാനൊരുങ്ങി എലിക്കുളം പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ടൂറിസം ക്ലബ് രൂപീകരിച്ചു. രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ
ഷേർളി അന്ത്യാംകുളം അധ്യക്ഷയായിരുന്നു.
 ടൂറിസം വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കൃഷി മൃഗസംരക്ഷണ വകുപ്പുകൾ, കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, ഹരിത കേരള മിഷൻ തുടങ്ങിയവയുടെ ഏകോപനത്തോടെയാകും പദ്ധതി നടപ്പിലാക്കുക. പൊന്നൊഴുകും തോട് കേന്ദ്രീകരിച്ചുള്ള നെൽകൃഷി, പാറക്കുളങ്ങൾ, മത്സ്യക്കൃഷി, പ്ലാവ്, കശുമാവ്, പൈനാപ്പിൾ തോട്ടങ്ങൾ, മാതൃക സമ്മിശ്ര കൃഷിത്തോട്ടങ്ങൾ, കുടുംബശ്രീ സംരംഭങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. വിശദമായ പഠന പരിപാടികൾക്ക് ടൂറിസം വകുപ്പുമായി സഹകരിച്ച് ഉടൻ തുടക്കം കുറിക്കും. കൃഷി ഓഫീസർ
കെ.എ. ശ്രീലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സൂര്യാ മോൾ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്‌സ് റോയ്,
അനൂപ് കെ. കരുണാകരൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ശശി വട്ടയ്ക്കാട്ട് എന്നിവർ
പങ്കെടുത്തു. മാത്യു കോക്കാട്ടിനെ ടൂറിസം ക്ലബ് പ്രസിഡന്റായും 
ജോസ് പി. കുര്യൻ പഴയ പറമ്പിലിനെ സെക്രട്ടറിയായും പി.ആർ ജയകൃഷ്ണനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു

date