Skip to main content

ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ 'ചിപ്രോ' ഉത്പന്നങ്ങളുടെ ഉദ്ഘാടനം നവംബർ 25ന്

 

കോട്ടയം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ
'ചിപ്രോ ' ഉത്പന്നങ്ങളുടെ ഉദ്ഘാടനം
നവംബർ25 ന് രാവിലെ 10 മണിക്ക് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ അധ്യക്ഷനാകും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിക്കും.

കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫുഡ് പ്രോസസിംഗ് കേന്ദ്രം ചിറക്കടവ്
പ്രൊഡക്ട്‌സ്  'ചിപ്രോ ' ഒരു വർഷം മുൻപാണ് രജിസ്റ്റർ ചെയ്തത്. പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതൽമുടക്കി ചിപ്രോയ്ക്കായി  ഉപകരണങ്ങൾ വാങ്ങി നൽകി.

കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി കർഷകരുടെ വിളകൾക്ക് മികച്ച വിപണിയും വിലയും ഉറപ്പാക്കുന്നതിനായാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ചിപ്രാേ സ്വയംസഹായ സംഘം രൂപീകരണ പ്രവർത്തനം ആരംഭിച്ചതെന്നും കർഷകരുടെയും
വനിതകളുടെയും ഉന്നമനം ലക്ഷ്യമിടുന്ന ചിപ്രോ ബ്രാൻഡ് കേരളത്തിനാകെ  മാതൃകയാവുന്നതാണെന്നും ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ പറഞ്ഞു.

കേന്ദ്ര കിഴങ്ങ് വർഗ്ഗ വിള ഗവേഷണ കേന്ദ്രത്തിൽ (സി.റ്റി.സി.ആർ.ഐ) നിന്നുമാണ് സാങ്കേതിക സഹായം ലഭ്യമാക്കിയത്. പഞ്ചായത്തിലെ കർഷകരിൽ നിന്നും  കപ്പ, ചക്ക, നേന്ത്രക്കുല, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ ചിപ്രാേ സ്വയംസഹായ സംഘം വഴി സംഭരിച്ച്  ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്നും മൂല്യവർധിത ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. പച്ചകപ്പയിൽനിന്നു രണ്ടുതരം മിസ്ചറുകൾ, നുറുക്ക്, പക്കാവട, മധുരസേവ, കപ്പ ഉപ്പേരി എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. തുടർന്ന് നേന്ത്രക്കായ ഉത്പന്നങ്ങളും  സീസണനുസരിച്ച് ചക്ക ഉത്പന്നങ്ങളും
നിർമ്മിക്കും. പലഹാരങ്ങൾക്ക് പുറമേ
കപ്പയിൽ നിന്നും കപ്പപ്പൊടി, കപ്പറവ , ചവ്വരി, ഉണക്ക കപ്പ, പശ എന്നിവ ഉൾപ്പെടെ 16 ഉത്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
പഞ്ചായത്തിൽ തന്നെയുള്ള ചിപ്രോ ഔട്ട്‌ലെറ്റുകളിലൂടെയും  കുടുംബശ്രീ ഹോംഷോപ്പിലൂടെയും  ബേക്കറികളിലൂടെയും പലചരക്ക് കടകളിലൂടെയുമാണ് വിപണി കണ്ടെത്തുന്നത്. മേളകളിലും ഉത്സവങ്ങളിലും പെരുന്നാളുകളിലും സ്റ്റാളുകൾ വഴി ചിപ്രോ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. പഞ്ചായത്തിലെ ഉത്പാദന നിർമ്മാണ കേന്ദ്രത്തിൽ പത്ത് പേരാണ് ജോലി ചെയ്യുന്നത്. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിലൂടെയും വിതരണം ചെയ്യുന്നതിലൂടെയും കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കും.

(കെ.ഐ.ഒ.പി.ആർ 2903/2022 )
 

date