Skip to main content

വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍

ലോക പൈതൃക കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ പൈതൃക സംരക്ഷണ സെമിനാര്‍ ആറന്മുളയില്‍ സംഘടിപ്പിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐ.ജി.എന്‍.സി.എ കഴിഞ്ഞ നാലു ദിവസങ്ങളായി എറണാകുളം ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പൈതൃക സമ്മേളനത്തിന്റെ സമാപനമായാണ് ആറന്‍മുളയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

 

ആറന്മുളയുടെ തനത് സാംസ്‌കാരിക പെരുമയെ അടയാളപ്പെടുത്തുന്ന ആറന്മുള പള്ളിയോടങ്ങള്‍, വള്ളസദ്യ, ലോഹ കണ്ണാടി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. കരകൗശല വിദ്യാ രംഗത്തുനിന്നും ആദ്യമായി ഭൗമസൂചികാ പദവി ലഭിച്ച ആറന്മുള കണ്ണാടി പ്രദേശത്തിന്റെ സവിശേഷ കലാസാംസ്‌കാരിക പൈതൃകത്തെ സൂചിപ്പിക്കുന്നു. ഭൗമസൂചികാ പദവി ലഭ്യമായിട്ടും വളര്‍ച്ചയുടെ തുടര്‍ഘട്ടങ്ങളിലേക്ക് പ്രവേശിക്കുവാന്‍ ഈ കരകൗശലരൂപത്തിന് കഴിഞ്ഞിട്ടില്ലായെന്ന് യോഗം വിലയിരുത്തി. യുനെസ്‌കോ രേഖപ്പെടുത്തുന്ന മാനവരാശിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതിന് ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയാതെ പോയതാണ് ഈ കരകൗശലരൂപത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായത്.

 

ആറന്മുളയുടെ സാംസ്‌കാരികോന്നതിയെ സാക്ഷ്യപ്പെടുത്തുന്ന പള്ളിയോടങ്ങളും വഞ്ചിപ്പാട്ടും വള്ളസദ്യയും രാജ്യത്തെ സുപ്രധാനങ്ങളായ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകങ്ങളാണ്. പരമാവധി 110 അടിയോളം നീളവും 19 അടിയോളം അമരപ്പൊക്കവും അതിന്റെ പകുതിയോളം അണിപ്പൊക്കവുമുള്ള 52 പള്ളിയോടങ്ങളാണ് ആറന്മുളയുമായി ബന്ധപ്പെട്ടുള്ളത്. പടിഞ്ഞാറ് ചെന്നിത്തല നിന്നും കിഴക്ക് ഇടക്കുളത്തുനിന്നുമായി 40-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ്  പള്ളിയോടങ്ങള്‍ ആറന്മുള എത്തിച്ചേരുന്നത്. ആദിപമ്പയുടെയും മണിമലയാറിന്റേയും തീരങ്ങളില്‍ നിന്നും ഒരു ജനകീയോത്സവമായി സുദീര്‍ഘ യാത്ര നടത്തി വര്‍ഷാവര്‍ഷം ആറന്മുളയില്‍ എത്തിചേര്‍ന്ന് കലയും സംസ്‌കാരവും സംഗീതവും വിശ്വാസവും ഐതിഹ്യവും ഇഴചേര്‍ന്നുള്ള സമാനതകളില്ലാത്ത അനുഭവമാണ് പള്ളിയോടങ്ങള്‍ സൃഷ്ടിക്കുന്നത്. 64-ഓളം വിഭവങ്ങളുടെ സമര്‍പ്പണമായ വള്ളസദ്യ മറ്റൊരു നിസ്തുല സാംസ്‌കാരിക പൈതൃകമാണ്. വേണ്ടവണ്ണം ഡോക്യുമെന്റ് ചെയ്തത് അവതരിപ്പിച്ചാല്‍ മാനവരാശിയുടെ പൈതൃകപട്ടികയില്‍ ആറന്മുളയും ഇടംപിടിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു.

 

സെമിനാറില്‍ ഐ.ജി.എന്‍.സി.എ മൗസം പദ്ധതി ഡയറക്ടര്‍ ഡോ.അജിത് കുമാര്‍, കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ കണ്‍വീനര്‍ ഡോ. ബി. വേണുഗോപാല്‍, വാസ്തുവിദ്യാഗുരുകുലം ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, കെ. പി. ശ്രീരംഗനാഥന്‍, പ്രൊഫ. ഉണ്ണികൃഷ്ണന്‍ നായര്‍, വിശ്വബ്രാഹ്‌മണ മെറ്റല്‍ മിറര്‍ സംഘം സെക്രട്ടറി രാജേഷ് മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date