Skip to main content

നോറ വൈറസ് ബാധ: ആരോഗ്യ വകുപ്പിന്റെ പ്രതിരോധ ബോധവല്‍ക്കരണ  പ്രവര്‍ത്തനങ്ങള്‍ ഫല പ്രാപ്തിയിലേക്ക്

 

നോറ വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വിഭാഗം കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ പടരാതിരിക്കാന്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആരോഗ്യ വിഭാഗം ശക്തമാക്കിയിരുന്നു. ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. പുതുതായി ആരും ചികിത്സ തേടിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

    കാക്കനാട് സ്‌കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി. മൂന്ന് കുട്ടികള്‍ ചികിത്സതേടുകയും ചെയ്തിരുന്നു.

    ജില്ലാ ആരോഗ്യ വകുപ്പില്‍ നിന്നുള്ള സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചു. ക്ലാസുകള്‍ താല്‍ക്കാലികമായി അടച്ചിട്ട് ഓണ്‍ലൈനായി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി വരികയാണ്. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കി. കുടിവെള്ള സ്രോതസുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടരുകയാണെങ്കില്‍ സ്‌കൂളുകള്‍ വെള്ളിയാഴ്ച മുതല്‍ പുനരാംരംഭിക്കും.  നിരീക്ഷണം തുടരുന്നതായും ഡിഎംഒ ഡോ. എസ് ശ്രീദേവി അറിയിച്ചു.

date