Skip to main content

വിളകളുടെ ആരോഗ്യ സംരക്ഷണവുമായി  കാലടിയിലെ പ്രാഥമിക  വിള ആരോഗ്യ പരിപാലന കേന്ദ്രം

 

വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പരിഹാരവുമായി കർഷകർക്ക് സഹായമാവുകയാണ് കാലടി ഗ്രാമപഞ്ചായത്തിലെ വിള ആരോഗ്യ പരിപാലന കേന്ദ്രം. വിവിധ രോഗങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകൾക്ക്‌ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണം കണ്ടെത്തി കൃത്യമായി മരുന്ന് നിർദേശിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നു.

2013 മുതൽ കൃഷിഭവനിൽ പ്രവർത്തിച്ചുവരുന്ന വിള ആരോഗ്യ കേന്ദ്രം 2022 ലാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രമായി ഉയർത്തിയത്. എല്ലാ ബുധനാഴ്ചകളിലുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. വിളകളുടെ രോഗലക്ഷണങ്ങളുമായി എത്തുന്ന കർഷകർക്ക് ശാസ്ത്രീയമായ കാരണം കണ്ടെത്തി മരുന്നു നൽകി വിളകളെ ബാധിക്കുന്ന രോഗം മാറ്റുന്നു. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായാണ് മരുന്നുകൾ നൽകുന്നത്. 

കൂടാതെ മറ്റു ദിവസങ്ങളിൽ വിളകളുടെ പ്രശ്നങ്ങളുമായി സമീപിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ട് എത്തി പരിശോധന നടത്തി ആവശ്യമായ മാർഗ്ഗനിർദേശങ്ങളും ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിവരുന്നുണ്ട്. ജൈവ കീടനാശിനികൾക്ക്‌ പ്രാധാന്യം നൽകി കൊണ്ടാണ് വിളകൾക്ക് ചികിത്സ നൽകുന്നത്.

വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തുന്നതിനും, ശാസ്ത്രീയ പരിഹാര മാർഗങ്ങൾ കർഷകർക്ക് നൽകുന്നതിനുള്ള സജ്ജീകരണം ഇവിടെ ഒരുക്കിയിട്ടുണ്ട്.കാലടി കൃഷിഭവൻ കൃഷി ഓഫീസർ ബീത്തി ബാലചന്ദ്രനാണ് വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കൃഷിയിടത്തിലെ വിളകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലാണ് കൃഷിഭവനുകളിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

date