Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു

തിരുവനന്തപുരം ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി ചേർന്നു. കഴക്കൂട്ടം മണ്ഡലത്തിലെ റോഡ് ഉൾപ്പെടെയുള്ള വിവിധ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ശ്രീകാര്യം മേൽപ്പാല നിർമാണം, വേളി പി.എച്ച്.സിയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും യോഗം ചർച്ച ചെയ്തു.

ഒറ്റശേഖരമംഗലം കേന്ദ്രമാക്കി 110 കെ.വി സബ്സ്റ്റേഷൻ നിർമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി പാറശാല എം.എൽ.എ, സി.കെ ഹരീന്ദ്രൻ യോഗത്തിൽ ആരാഞ്ഞു. വഴിമുക്ക് - കളിയിക്കാവിള ദേശീയപാതനവീകരണം, പാറശാല താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം എന്നിവയുടെ തുടർനടപടികളും യോഗം വിലയിരുത്തി.

വിവിധ വകുപ്പുകളുടെ പ്ലാൻ ഫണ്ട് വിനിയോഗപുരോഗതി കളക്ടർ അവലോകനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം. പി, എം. എൽ. എ മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date