Skip to main content
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രം സന്ദർശകർക്കുള്ള അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണോദ്‌ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

ചാലക്കുടി മേഖലാ ശാസ്ത്രകേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാകും: മന്ത്രി ഡോ. ആർ ബിന്ദു

 

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രം ഏപ്രിൽ - മെയ് മാസത്തോടെ പൂർണമായി പ്രവർത്തനസജ്ജമാകുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ചാലക്കുടിയിലെ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ സന്ദർശകർക്കുള്ള അനുബന്ധ  സൗകര്യങ്ങളുടെ നിർമ്മാണോദ്ഘാടം നിർവഹിക്കുകയായിരുന്നു മന്ത്രി.  

ശാസ്ത്രകേന്ദ്രത്തിലെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് ഈ വരുന്ന മധ്യവേനലവധിക്ക് വിദ്യാർഥികൾക്കായി തുറന്ന് നൽകും. കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിൽ ഇത്തരം ശാസ്ത്രകേന്ദ്രങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിനടുത്തുള്ള ശാസ്ത്ര കേന്ദ്രം എന്ന നിലയിൽ സന്ദർശകരെയും കുട്ടികളെയും ആകർഷിക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ 2021 - 22 വർഷത്തെ പ്ലാനിംഗ് ഫണ്ടായ രണ്ട് കോടി രൂപ ചെലവഴിച്ച് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ  സന്ദർശകർക്കായി ടോയ്‌ലറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, സെക്യൂരിറ്റി ക്യാബിൻ, എടിഎം കൗണ്ടർ, ഫീഡിങ് റൂം എന്നിവയാണ് നിർമിക്കുന്നത്. ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, കൗൺസിലർ സൗമ്യ വിനേഷ്, ചാലക്കുടി നഗരസഭ കൗൺസിലർ സി എസ് സുരേഷ്, മുൻ എംഎൽഎ ബി ഡി ദേവസ്സി, കെ  എസ് എസ് ടി എം  ഡയറക്ടർ ഇൻ ചാർജ് എസ് എസ് സോജു, കെ എസ് എസ് ടി എം സയൻ്റിഫിക് ഓഫീസർ സിറിൾ കെ ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date