Skip to main content

കേരള സ്‌കിൽസ് എക്‌സ്പ്രസ്‌ പദ്ധതിക്ക് തുടക്കമായി

കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയർ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് പദ്ധതി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ GTECH ന്റെയും, CAFIT, WIT, NASSCOM, CII എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ 10,000 പേർക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ തീവ്രയജ്ഞ മാതൃകയിൽ തൊഴിൽ നൽകി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴിൽ മാതൃകയ്ക്ക് രൂപം നൽകുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ജി. ടെകിന്റെ നേതൃത്വത്തിൽ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി മീറ്റ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്‌ നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് (DWMS) ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മീറ്റിന്റെ ലക്ഷ്യം. 130-ൽപരം കമ്പനികൾ മീറ്റിൽ പങ്കെടുത്തു.

ഹോട്ടൽ ഹൈസിന്ദിൽ നടന്ന ചടങ്ങിൽ കെ-ഡിസ്‌ക്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ.കെ.എം. എബ്രഹാം, ഐബിഎസ് സോഫ്റ്റ് വെയർ ചെയർമാൻ വി.കെ. മാത്യൂസ്, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ ഡോ. സിസ തോമസ്, ടെക്‌നോപാർക് സിഇഒ സഞ്ജീവ്‌നായർ, കേരള സ്റ്റാർട്ട് അപ്പ്മിഷൻ സിഇഒ അനൂപ് അംബിക, കെ-ഡിസ്‌ക്ക്‌ മെമ്പർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

പി.എൻ.എക്സ്. 451/2023

date