Skip to main content

ചില്ലിഗ്രാമം പദ്ധതിക്ക് തുടക്കം

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലി ഗ്രാമം പദ്ധതി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ പച്ചമുളക് ഉത്പാദനം വര്‍ദ്ധിപ്പിക്കുക, കായികസംസ്‌കാരം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തൈ വിതരണം നിര്‍വഹിച്ചു. 

ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടം അംഗങ്ങളില്‍  ഉള്‍പ്പെടുന്ന 100 ജെ.എല്‍.ജി.കള്‍ക്കാണ് പച്ചമുളക് തൈകള്‍ വിതരണം ചെയ്തത്. തുടര്‍ന്ന് ഇവര്‍ക്ക് കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കി അതുവഴി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു പദ്ധതി വിശദീകരണം നടത്തി. കാര്‍ഷികവിളകളുടെ പ്രദര്‍ശന വിപണി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു. ജെ.എല്‍.ജി. ഗ്രൂപ്പുകളുടെ ഇന്‍സെന്റീവ് സബ്‌സിഡി വിതരണം ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ് നിര്‍വഹിച്ചു. ഷീന സനല്‍കുമാര്‍, സന്തോഷ് ലാല്‍, വിപിന്‍രാജ്, അശ്വിനി, കവിത ഹരിദാസ,് എം.പി. മഹീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേണുഗോപാല്‍ കാര്‍ഷിക സെമിനാര്‍ അവതരിപ്പിച്ചു.

date