Skip to main content

മുന്നേറ്റത്തിന് നൂതന ആശയങ്ങള്‍ യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാം ശില്‍പ്പശാല തുടങ്ങി

വിദ്യാര്‍ത്ഥികളടക്കമുള്ള യുവ തലമുറകള്‍ക്ക് നൂതന ആശയങ്ങള്‍ പങ്കുവെക്കുന്നതിനുള്ള  യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാം (വൈ.ഐ.പി) വകുപ്പുതല ശില്പശാലയ്ക്ക് ജില്ലയില്‍ തുടക്കമായി. കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റര്‍ജിക് കൗണ്‍സിലിന്റെ (കെ- ഡിസ്‌ക്) നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ സര്‍ക്കാര്‍ വകുപ്പുകളെ നവീകരിക്കുന്ന നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍  അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കാലോചിതമായ മുന്നേറ്റത്തിന്   യുവതലമുറയുടെ നൂതനമായ ആശയങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.  ഡെവലപ്പ്‌മെന്റ്, സര്‍വ്വീസ്, റെഗുലേറ്ററി എന്നീ വിഭാഗങ്ങളിലായി 45 ഓളം വകുപ്പുകള്‍ ശില്‍ശാലയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ശേഖരിക്കുന്ന പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ ഫാക്കല്‍റ്റിയുടെ സഹായത്തോടെ അപഗ്രഥിച്ച ശേഷം പ്രശ്‌നപരിഹാരത്തിനുളള ആശയങ്ങളും നിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെക്കാവുന്ന വിധത്തിലാണ് ശില്‍പ്പശാല  ക്രമീകരിച്ചിരിക്കുന്നത്.  കെ-ഡിസ്‌ക്കിന്റെ പാര്‍ട്ണര്‍ സ്ഥാപനങ്ങളായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ സി ടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളും ശില്‍പ്പശാലക്ക് നേതൃത്വം നല്‍ക്കുന്നു. വിവിധ വകുപ്പുകളെ പ്രതിനിധികരിച്ച് നൂറോളം ഉദ്യോഗസ്ഥരും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.  

ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടക്കുന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഉഷാതമ്പി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ ഡോ. സാബു കേരളം വിഷയാവതരണം നടത്തി. ഡോ. കെ.എസ് ലേഖ, ഡോ. ജിനി കുര്യാക്കോസ്, ഡോ. നോബര്‍ട്ട് തോമസ് പളളത്ത്, സി. മുഹമ്മദ് ഫാസില്‍, കെ- ഡിസ്‌ക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ് അനു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

date