Skip to main content
ഇറ്റ്‌ഫോക്ക് അരങ്ങിന് പുതിയ ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും കരുത്ത് പകര്‍ന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഇറ്റ്‌ഫോക്ക് അരങ്ങിന് പുതിയ ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും കരുത്ത് പകര്‍ന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

*അമ്മന്നൂര്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്

അന്താരാഷ്ട്ര നാടകോത്സവം അരങ്ങിന് പുതിയ ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും കരുത്ത് പകര്‍ന്നു നല്‍കിയെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവര്‍ കോവില്‍. കല എന്ന വിശുദ്ധ മാധ്യമത്തിലൂടെ മനുഷ്യര്‍ എങ്ങനെയാണ് ഐക്യപ്പെടേണ്ടതെന്ന  സന്ദേശത്തില്‍ അധിഷ്ഠിതമായിരുന്നു അന്താരാഷ്ട്ര നാടകോത്സവമെന്നും മന്ത്രി പറഞ്ഞു. പത്ത് നാള്‍ നീണ്ടുനിന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇറ്റ്‌ഫോക്കിന് തിരശീല താഴുമ്പോള്‍ അത് ലോക നാടക വേദിയില്‍ പുതിയ ചരിത്രവും അതിജീവനവും സാധ്യമാക്കുന്നു. ലോകത്താകമാനം മാനവരാശി നേരിടുന്ന രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ വിനിമയം ചെയ്യുന്ന ഇടമായി നാടകോത്സവം രൂപപ്പെടുകയാണ്. യുദ്ധങ്ങളിലും പകര്‍ച്ചവ്യാധികളിലും പ്രകൃതി ദുരന്തങ്ങളിലും അകപ്പെട്ട് പോകുന്ന മനുഷ്യരാശിയെ ചേര്‍ത്ത് പിടിക്കുകയാണ് ഒന്നിക്കണം മാനവികത എന്ന ആശയമെന്നും മന്ത്രി പറഞ്ഞു.

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇറ്റ്‌ഫോക്ക് ലോക നാടക വേദിയിലെ കേരളത്തിന്റെ തന്നെ അഭിമാനമാണ്. ഒരു അന്തര്‍ദേശീയ നാടകോത്സവം ഇത്രയും സാങ്കേതിക മികവോടെ ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും സംഘടിപ്പിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്‌കാരത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും നേര്‍പരിച്ഛേദങ്ങളാണ് നാടകങ്ങള്‍. സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സംഗമം കൂടിയാണ് നാടകങ്ങളെന്നും മന്ത്രി പറഞ്ഞു. കെ ടി മുഹമ്മദ്, കുഞ്ഞാണ്ടി, തിക്കോടിയന്‍, പി എം താജ്, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങി അനേകം നാടകകലാകാരന്‍മാരെ മലയാളക്കരയ്ക്ക് സമ്മാനിച്ച കോഴിക്കോട് നിന്നാണ് താന്‍ വരുന്നതെന്ന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.  നവകേരള സൃഷ്ടിയില്‍ മുഖ്യപങ്കുവഹിച്ച കേരളത്തിന്റെ ജനകീയ കലയായ നാടകത്തെ കൈവിടാനാകില്ല. കലയ്ക്കും കലാകാരന്‍മാര്‍ക്കുമായി ബൃഹത് പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കൂടിയാട്ട പ്രതിഭ അമ്മന്നൂര്‍ മാധവ ചാക്യാരുടെ പേരില്‍ കേരള സംഗീത നാടക അക്കാദമി നല്‍കുന്ന അമ്മന്നൂര്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന് മന്ത്രി സമര്‍പ്പിച്ചു.  നാടകോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്‌കാരം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി പ്രഖ്യാപിച്ചു.

കെ ടി മുഹമ്മദ് തിയറ്റര്‍ മുറ്റത്തെ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി,
വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍,  സാംസ്‌കാരിക സംഘാടകന്‍ ടി ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date