Skip to main content

രംഗപടത്തിന് അംഗീകാരം; അമ്മന്നൂര്‍ പുരസ്‌കാര നിറവില്‍ സുജാതന്‍ മാഷ്

പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇനി ഒരു യഥാര്‍ത്ഥ കലാകാരന്റെ കൂടി പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തും. ഇറ്റ്‌ഫോക്ക് വേദിയൊരുക്കങ്ങളുടെ മുന്നിലുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍. കേരള സംഗീത നാടക അക്കാദമിയുടെ  അമ്മന്നൂര്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ സുജാതന്‍ മാഷിനെ പോലെ എക്കാലവും അരങ്ങിനൊപ്പം നിന്ന നാടക കലാകാരന്‍മാര്‍ക്ക് കൂടിയുള്ള ആദരമായി.

പ്രശസ്ത രംഗകലാകാരനായ സുജാതന്‍ മാഷാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം മുതല്‍  എല്ലാ നാടകങ്ങള്‍ക്കും രംഗപശ്ചാത്തലം ഒരുക്കിയത്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായാണ് ഇറ്റ്‌ഫോക്കില്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ ഗ്യാലറി തയ്യാറാക്കിയത്.

മികച്ച രംഗകലയ്ക്കുള്ള കേരള സംസ്ഥാന നാടകപുരസ്‌കാരം തുടര്‍ച്ചയായി പതിനഞ്ച് തവണ കരസ്ഥമാക്കിയ കലാകാരനാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍.1967 മുതല്‍  ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം അമേച്വര്‍ നാടകമുള്‍പ്പെടെ നാലായിരത്തിലധികം നാടകങ്ങള്‍ക്ക് രംഗപശ്ചാത്തലം ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ വേളൂര്‍ സ്വദേശിയായ അദ്ദേഹം പ്രശസ്ത രംഗകലാകാരന്‍ ആര്‍ട്ടിസ്റ്റ്  കേശവന്റെ മകനാണ്.

2010ലാണ് കേരള സംഗീത നാടക അക്കാദമി അമ്മന്നൂര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ നാടകരംഗത്ത്  ആജീവനാന്ത നേട്ടം കൈവരിച്ച നാടക വ്യക്തിത്വങ്ങള്‍ക്കാണ് പുരസ്‌കാരം.

date