Skip to main content
നവീകരിച്ച ഏനാമാവ് നെഹ്‌റു പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

ആഭ്യന്തര ടൂറിസം രംഗത്ത് കേരളത്തില്‍ റെക്കോഡ് വളര്‍ച്ച: മന്ത്രി മുഹമ്മദ് റിയാസ്

നവീകരിച്ച ഏനാമാവ് നെഹ്‌റു പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

ആഭ്യന്തര ടൂറിസം രംഗത്ത് കോവിഡാനന്തര കേരളത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതായി പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്‍ഷം 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തിന്റെ പുറത്തു നിന്നും അകത്തുനിന്നുമായി കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്കെത്തിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡാണിത്. 2023ല്‍ ആ റെക്കോഡ് മറികടക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഏനാമാവ് കായല്‍ തീരത്ത് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിച്ച നെഹ്‌റു പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ചാരം വിലക്കപ്പെട്ട കോവിഡ് കാലത്ത് വിനോദ സഞ്ചാരം വെന്റിലേറ്ററിലായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കുന്നതിനു പകരം, കോവിഡിന്റെ രൂക്ഷത കുറഞ്ഞാല്‍ ടൂറിസം രംഗത്ത് എവിടെ ശ്രദ്ധയൂന്നണം എന്ന് കേരളം ആലോചിച്ചു. ആഭ്യന്തര ടൂറിസത്തിനാണ് കൂടുതല്‍ സാധ്യതയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള പ്രത്യേക പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. അതിന്റെ ഫലമായാണ് ഈ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് കേരളം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി പരഞ്ഞു.

ജനങ്ങള്‍ക്ക് സന്തോഷം പകരുന്നതാണ് ഇത്തരം പാര്‍ക്കുകളെന്ന് മന്ത്രി പറഞ്ഞു. ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടൂറിസം രംഗത്ത് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം അവാര്‍ഡിന് അര്‍ഹമായി. ഒരു ടൂറിസം പദ്ധതി പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനു കൂടി ഉതകുമ്പോഴാണ് അത് ഉത്തരവാദിത്ത ടൂറിസമായി മാറുന്നത്. ന്യുയോര്‍ക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ പതിമൂന്നാമത്തെ ഇടമായി കേരളവും ഇടം പിടിച്ചു. ടൈം മാഗസിന്‍ ലോകത്തെ മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലും കേരളം സ്ഥാനം പിടിച്ചു. ട്രാവല്‍ ലിഷര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍ ഏറ്റവും നല്ല വിവാഹ ഡെസ്റ്റിനേഷനായി കേരളമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസത്തിന് അനന്തസാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും അത് ഉപയോഗപ്പെടുത്തുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ പ്രൊമോഷന്‍ വീഡിയോയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ഭാഗമായുള്ള സോള്‍ ഓഫ് തൃശൂര്‍ സുവനീര്‍ മുരളി പെരുനെല്ലി എംഎല്‍എ മന്ത്രിക്ക് സമ്മാനിച്ചു. 98 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് നവീകരിച്ചത്. കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, ഗ്യാലറി, ജനറേറ്റര്‍ കണ്‍ട്രോള്‍ റൂം, ഫര്‍ണിച്ചര്‍, ഇരിപ്പിടങ്ങള്‍, ഡാന്‍സിംഗ് സ്റ്റേജ്, ടോയ്‌ലെറ്റ് ബ്ലോക്ക്, നടവഴി ഒരുക്കല്‍, ഒന്നാംഘട്ട പ്രവൃത്തികളുടെ പൂര്‍ത്തീകരണം തുടങ്ങിയവയാണ് പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി നടന്നത്.

ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, സബ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു അമ്പലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് റസാഖ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ ശാഹുല്‍ ഹമീദ്, ടൂറിസം ഡിഡി പി ഐ സുബൈര്‍ കുട്ടി, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോര്‍ജ്, ജനപ്രതിനിധികള്‍, ഡിടിപിസി ഗവേര്‍ണിംഗ് ബോഡി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date