Skip to main content

ക്ഷീരമേഖലയില്‍ പുതിയ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കും: മന്ത്രി ജെ ചിഞ്ചു റാണി

ക്ഷീരമേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍ക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പടവ് 2023 സംസ്ഥാന ക്ഷീരസംഗമം അവലോകനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉല്‍പ്പാദന രംഗം കൂടുതല്‍ വ്യവസായവല്‍ക്കരണത്തിന് തയ്യാറെടുക്കുകയാണ്. ഈ മേഖലയില്‍ വനിത സ്വയം തൊഴില്‍ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും.

സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മനിലീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെ അനുമതിക്കായി ഏകജാലക സംവിധാനം നടപ്പില്‍ വരുത്തും. ഫാം ലൈസന്‍സ് നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഫാമുകള്‍ തുടങ്ങുന്നതിനും അവയുടെ നടത്തിപ്പിനും പ്രയാസം സൃഷ്ടിക്കുന്ന രീതിയിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ചര്‍മ്മ മുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. കറവപ്പശുവിന് 30,000 രൂപ, കിടാരിക്ക് 16,000, ആറു മാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടിക്ക് 5000 എന്നിങ്ങനെ നഷ്ടപരിഹാരമായി നല്‍കും.  

സംസ്ഥാന ക്ഷീര വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇത്തവണത്തെ ചുവട് 2023 ക്ഷീരകര്‍ഷക സംഗമമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ആറു ദിവസം നീണ്ടുനിന്ന് ക്ഷീര കര്‍ഷക സംഗമം, ഡയരി എക്‌സ്‌പോ, ക്ഷീരകര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍ ഇവയെല്ലാം മികച്ച അനുഭവമാണ് ക്ഷീര കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കിയത്. ഇതിന് നേരിട്ട് നേതൃത്വം നല്‍കിയ വകുപ്പു മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശികന്‍, അവലോക യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം പങ്കെടുത്തു

date