Skip to main content

സ്വരാജ്, മഹാത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്വരാജ് പുരസ്‌കാര നിറവില്‍ മുട്ടാര്‍ പഞ്ചായത്ത്

ആലപ്പുഴ: ജില്ലാതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം നേടി മുട്ടാര്‍ ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ മാതൃകയില്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമസ്പര്‍ശം പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുട്ടാറിന് വലിയ നേട്ടമായി. 13 വാര്‍ഡുകളിലെയും മെമ്പര്‍മാര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി, മറ്റു നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍, സാമൂഹികക്ഷേമ വിഭാഗം ജീവനക്കാര്‍ എന്നിവരെയെല്ലാം ചേര്‍ത്ത്  നേരിട്ട് പരാതികള്‍ കേള്‍ക്കുന്ന സംവിധാനമാണ് പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയത്. മിക്ക പരാതികള്‍ക്കും അവിടെവച്ച് തന്നെ പരിഹാരം കാണാനായി. കൂടാതെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്, വയോജന സൗഹൃദ പഞ്ചായത്ത്, കൃഷി സൗഹൃദ പഞ്ചായത്ത്, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്നീ നേട്ടങ്ങളും പഞ്ചായത്തിന് തുണയായി. ദുര്‍ബലവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഗ്രാമസഭ ഉള്‍പ്പെടെ സംഘടിപ്പിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിനിജോളി പറഞ്ഞു. 

ഹരിത കര്‍മ്മ സേനയുടെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേക്ക്  പരമാവധി പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് എത്തിക്കുകയും 100% യൂസര്‍ ഫീ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. റോസ്ഗാര്‍ ദിനം ആചരിച്ചു കൊണ്ട് പാതയോരങ്ങള്‍ വൃത്തിയാക്കുന്ന പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കി. സെക്രട്ടറി വിനു ഗോപാല്‍ ആണ് പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി 2021-22 അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള സംസ്ഥാന തല സമിതിയുടെ ശുപാര്‍ശപ്രകാരമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

പദ്ധതി വിഹിതം ചെലവഴിച്ചതിലെ മികവിന് കാര്‍ത്തികപ്പള്ളി പഞ്ചായത്തിനും പുരസ്‌കാരം

ജില്ലാതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം രണ്ടാം സ്ഥാനം നേടി  കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് പദ്ധതി വിഹിതം ചെലവഴിച്ചതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്താണ് കാര്‍ത്തികപ്പള്ളി. ഗിരിജാ ഭായി പ്രസിഡന്റും ടി.ഉല്ലാസ് കുമാര്‍ സെക്രട്ടറിയുമായുള്ള പഞ്ചായത്ത് പദ്ധതി വിഹിതം ചെലവഴിച്ചതില്‍ 127 ശതമാനം കൈവരിച്ചാണ് മുന്നിലെത്തിയത്. പഞ്ചായത്തിലെ മുഴുവന്‍ പ്ലാസ്റ്റിക്കും ശേഖരിക്കുകയും ഹരിത കര്‍മസേന വഴി 100 ശതമാനം യൂസര്‍ഫീ നേടിയെടുക്കാനും കഴിഞ്ഞു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനാക്കാനും പഞ്ചായത്തിന് കഴിഞ്ഞു.

മഹാത്മ പുരസ്‌കാരം നിലനിര്‍ത്തി കരുവാറ്റ പഞ്ചായത്ത്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച് കരുവാറ്റ പഞ്ചായത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ജില്ലയിലെ മഹാത്മ പുരസ്‌കാരം കരസ്ഥമാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 10.57 കോടി രൂപയാണ് 21-22 സാമ്പത്തിക വര്‍ഷത്തില്‍ ചിലവഴിച്ചത്. പദ്ധതിയുടെ എല്ലാ വിഭാഗത്തിലുമുള്ള പ്രവൃത്തികളും ഏറ്റെടുത്താണ് കരുവാറ്റ ഈ നേട്ടം നിലനിര്‍ത്തിയത്. 
2947 ആക്ടീവ് തൊഴില്‍ കാര്‍ഡുകളുള്ള പഞ്ചായത്ത് 21-22 സാമ്പത്തിക വര്‍ഷം 2,06,706 തൊഴില്‍ ദിനങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഇതിലൂടെ വിവിധ കുടുംബങ്ങളിലായി 7.17 കോടി രുപ സാധാരണക്കാരുടെ കൈകളില്‍ എത്തിക്കാന്‍ സാധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു. ഒരു കുടുംബം ശരാശരി 83 തൊഴിലാണ് ചെയ്തത്. 3.40 കോടി രൂപ മെറ്റീരിയല്‍ ഇനത്തിലും  ചെലവഴിച്ചു. ആകെ 1071 തൊഴിലാളികള്‍ 100 ദിനവും 1842 തൊഴിലാളികള്‍ 75 ദിനവും പൂര്‍ത്തിയാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള വൃക്തിഗത ആസ്ഥികളില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളും പുരസ്‌കാരത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. 

date