Skip to main content

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

*രോഗീ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാൻ നടപടി

ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ അപൂർവ രക്തജന്യ രോഗങ്ങൾ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക്ക് ചെയ്ത് ചികിത്സയും സഹായങ്ങളും എത്തിക്കാൻ സാധിക്കും. മാത്രമല്ല അടിയന്തരഘട്ടത്തിൽ രോഗികളെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാനും കഴിയും. രോഗം ബാധിച്ച സിക്കിൾസെൽ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനായി കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രക്തജന്യ രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കും. രോഗീസൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. മാനന്തവാടി ആശുപത്രിയിൽ 10 കിടക്കകളുള്ള പ്രത്യേക വാർഡ് ഇവർക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗികൾക്ക് ക്യൂ സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ട്. മാനന്തവാടി ആശുപത്രിയിൽ പരിശോധനകൾക്കായി 12 ലക്ഷത്തിന്റെ എച്ച്പിസിഎൽ മെഷിൻ സജ്ജമാക്കി. സ്‌ക്രീനിംഗ് ഏകോപനത്തിന് സിക്കിൾ സെൽ പ്രോജക്ട് കോർഡിനേറ്ററെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിചെയ്തു വരുന്ന ലാബ് ടെക്‌നിഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചു. വയനാട്ടിലെ 16 ആശുപത്രികളിലെ എല്ലാ ലാബ് ടെക്‌നീഷ്യൻമാർക്കും റിഫ്രഷർ പരിശീലനം നൽകി. പ്രാഥമിക സ്‌ക്രീനിംഗ് നടത്തി സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി വരുന്നു. ആവശ്യമായ സർജറിയും ചെയ്തുവരുന്നു.

ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി വിപുലീകരിച്ചു. ഈ പദ്ധതിയ്ക്ക് കീഴിൽ ഓരോ പ്രധാന സർക്കാർ ആശുപത്രികളിലും പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും പരിശീലനം സിദ്ധിച്ച അർപ്പണബോധമുള്ള സ്റ്റാഫ് നഴ്സിന്റേയും സേവനം ലഭ്യമാക്കി വരുന്നു. ആദിവാസി രോഗബാധിതർക്ക് ട്രൈബൽ വകുപ്പ് വഴിയും ആദിവാസി ഇതര സിക്കിൾസെൽ അനീമിയ രോഗികൾക്ക് കെ.എസ്.എസ്.എം. വഴിയും പെൻഷൻ നൽകി വരുന്നു. ഒരു രോഗിക്ക് പ്രതിമാസം നൽകുന്ന സൗജന്യ ഭക്ഷണ കിറ്റിന്റെ തുക വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. പെൻഷൻ ലഭ്യമല്ലാത്ത മുഴുവൻ രോഗികൾക്കും സഹായം ഉറപ്പാക്കും.

രക്തജന്യ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി വയനാട്ടിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് കെയർ സെന്ററിന്റെ വിശദമായ പ്രപ്പോസൽ തയ്യാറാക്കാനും മന്ത്രി നിർദേശം നൽകി.

പി.എൻ.എക്സ്. 983/2023

date